ഗൃഹനാഥന്‍ വിദേശത്തു പോകാനിരുന്ന ദിവസം തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
പോത്തന്‍കോട്: ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്കുള്ള വിമാനത്തില്‍ വിദേശത്തു പോകാനിരുന്ന ഗൃഹനാഥനെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പോത്തന്‍കോട് പൊലിസിന് പരാതി നല്‍കി. കാട്ടായിക്കോണം മങ്ങാട്ടുകോണം പാലാഴിയില്‍ വിക്രമന്‍നായര്‍(56) ആണ് വീട്ടിനുള്ളില്‍ രാവിലെ ഒന്‍പതു മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ശ്രീകലയും ഇവരിലെ ആദ്യ ഭര്‍ത്താവിലെ മകന്‍ ആരോമലും അയാളുടെ രണ്ടു സുഹൃത്തുക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ രാവിലെ വിക്രമന്‍നായരുടെ കല്ലയത്തു താമസിക്കുന്ന സഹോദരി വീട്ടില്‍ വന്ന് കയറിയപ്പോഴുള്ള അവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. മൃതദേഹം കാലുകള്‍ തറയിലേക്ക് നീട്ടിയനിലയില്‍ കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴുത്തില്‍ കുരുക്കിയിരുന്ന മുണ്ട് ഫാനിന്റെ ലീഫിനിടയില്‍ കെട്ടിയനിലയിലായിരുന്നു. കഴുത്തില്‍ മുറിവും തറയില്‍ ചോരപാടുകള്‍ ഉണ്ടായിരുന്നതായും പൊലിസ് പറഞ്ഞു.
പോത്തന്‍കോട് പൊലിസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ദുബൈയിലെ കമ്പനിയില്‍ ജോലി നോക്കി വന്നിരുന്ന വിക്രമന്‍ നായര്‍ ഭാര്യയും രണ്ടു പെണ്‍മക്കളുമായി സ്വന്തം സ്ഥലമായ മുരുക്കുംപുഴയിലായിരുന്നു താമസം. ആദ്യ ഭാര്യയുമായി പിണങ്ങി പിരിഞ്ഞ ശേഷം എട്ടു വര്‍ഷമായി മങ്ങാട്ടുകോണത്ത് ഇരുനില വീട് വാങ്ങി വര്‍ഷത്തിലൊരിക്കല്‍ ലീവിനു വരുമ്പോള്‍ ഇവിടെ താമസിക്കുമായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്നും വിധവയായ ശ്രീകലയെ വിവാഹം ചെയ്തു. വിക്രമന്‍ നായര്‍ ലീവിനു വരുമ്പോള്‍ മാത്രം ഇവര്‍ ഇവിടെ ഒന്നിച്ചു താമസിച്ചിരുന്നു. ശനിയാഴ്ച രാത്രി വീടിനുള്ളില്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുള്ളതായി വിക്രമന്‍നായരുടെ ആദ്യ ഭാര്യയിലെ മക്കളായ ഐശ്വര്യയും അഖിലയും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ പൊലിസിനു പരാതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ശ്രീകലയുടെയും മകന്‍ അമലിന്റെയും പേരില്‍ പോത്തന്‍കോട് പൊലിസ് സ്‌റ്റേഷനില്‍ ഐ.ടി ആക്ട് പ്രകാരം ജാമ്യമെടുക്കാത്ത അന്വേഷണത്തിലുള്ള കേസ് നിലവിലുള്ളതായും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."