കുതിരക്കച്ചവടം കൊഴുക്കുന്ന ഗോവ
തെരഞ്ഞെടുപ്പു കാലമായതോടെ ഗോവയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം കൊഴുക്കുകയാണ്. രാഷ്ട്രീയക്കാര്‍ക്ക് പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥയായിരിക്കുന്നു ഇവിടെ. കാരണവുമുണ്ട്. ഗോവയില്‍ ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തിന്റെ നേതാവ് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയെ നേരിടുന്നു. എം.എല്‍.എയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് അടുക്കുംതോറും ഗോവയില്‍ കച്ചവടവും തകൃതിയാണ്.
ബി.ജെ.പി
2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി നേടിയത് 21 എണ്ണം. 28 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്രയധികം സീറ്റുകള്‍ ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു. 34.68 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയിരുന്നത്. എന്നാല്‍, അഞ്ചുവര്‍ഷമായി സഖ്യകക്ഷിയായി തുടരുന്ന എം.ജി.പിക്ക് ലഭിച്ചതാകട്ടെ മൂന്നു സീറ്റുകള്‍ മാത്രം. അവരുടെ അക്കൗണ്ടിലെത്തിയത് വെറും 6.72 ശതമാനം വോട്ടും. ഇതോടെയാണ് കേവലഭൂരിപക്ഷം നേടിയ ബി.ജെ.പി സഖ്യകക്ഷിയായിരുന്ന എം.ജി.പിയെ കൂട്ടാതെ ഭരണത്തിലെത്തിയത്. വഞ്ചനയാണെന്ന് എം.ജി.പി ആരോപണമുന്നയിച്ചതോടെ അവരെ മന്ത്രിസഭയിലുള്‍പ്പെടുത്തി.
എം.ജി.പിയുടെ അവസ്ഥ
മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയെന്ന എം.ജി.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്നു. മൂന്നുപേരെ മാത്രമേ ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും പാര്‍ട്ടി ഭരണപങ്കാളിത്തം ആവശ്യപ്പെട്ടു. രണ്ടു മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും കഴിഞ്ഞ ദിവസം രണ്ടുപേരും പുറത്തായി. പരീഖറിന്റെ പകരക്കാരന്‍ പര്‍സേക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന നിരന്തര ആവശ്യമാണ് എം.ജി.പിക്ക് വിനയായത്. എം.ജി.പി സഖ്യം വേണ്ടെന്നുവയ്ക്കുകയാണ് ബി.ജെ.പി ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ബി.ജെ.പി ഇത് നിഷേധിക്കുന്നു. രണ്ടാം ഘട്ടം മുഖ്യമന്ത്രിപദം എം.ജി.പിക്ക് നല്‍കണമെന്ന് ധാരണയുണ്ടായിരുന്നെന്നാണ് പുറത്താക്കപ്പെട്ട മന്ത്രിയും എം.ജി.പി പ്രസിഡന്റുമായ ദീപക് ധവാലികര്‍ പറയുന്നത്. മുഖ്യമന്ത്രി പദം സ്വപ്നം കണ്ടാണ് ദീപകും സഹോദരനും പര്‍സേക്കര്‍ മുഖ്യമന്ത്രി പദമൊഴിയണമെന്ന് ആവശ്യപ്പെട്ടത്. ഇത് ഇരുവരുടെയും പുറത്താക്കലില്‍ കലാശിക്കുകയായിരുന്നു. 1961 മുതല്‍ 11 വര്‍ഷം ഗോവ എന്നാല്‍ എം.ജി.പി ആയിരുന്നു. 1979ഓടെയാണ് അവര്‍ ക്ഷീണിതരായി തുടങ്ങിയത്.
ബി.ബി.എസ്.എം
(ജി.എസ്.എം)
ഗോവയില്‍ മാന്യതയുടെ മുഖമായിരുന്നു മനോഹര്‍ പരീഖറിന്. അതുകൊണ്ടുതന്നെ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയാകുന്നതിന് അദ്ദേഹത്തിന് പ്രതിബന്ധമുണ്ടായതുമില്ല. പരീഖര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായതോടെ ലക്ഷ്മികാന്ത് പര്‍സേക്കറിനെ പരീഖറിന്റെ പിന്തുടര്‍ച്ചക്കാരനാക്കിയെങ്കിലും സംഘപരിവാറില്‍ അസഹിഷ്ണുത ഉടലെടുത്തു. ആര്‍.എസ്.എസ് ഗോവ നേതാവ് സുഭാഷ് വേലിങ്കര്‍ നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുകയും അവസാനം സംഘടന വിടുകയും ഭാരതീയ ഭാഷാ സുരക്ഷാ സമിതിയെന്ന ബി.ബി.എസ്.എം ഉണ്ടാക്കുകയും ചെയ്തു. സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാലയങ്ങളെ അനുകൂലിക്കുന്നെന്നും കൊങ്ങിണി ഭാഷയെ രക്ഷിക്കണമെന്നും മുദ്രാവാക്യമുയര്‍ത്തിയാണ് സംഘടന രൂപീകരിച്ചത്. പ്രാദേശിക വാദമായതിനാല്‍ പിന്തുണയും ലഭിച്ചു. തെരഞ്ഞെടുപ്പ് കാലമായതോടെ ബി.ബി.എസ്.എമ്മിനെ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ആക്കി. ജി.എസ്.എം എന്ന ഗോവ സുരക്ഷാ മഞ്ച്. ഇപ്പോള്‍ ബി.ജെ.പിയുമായി അകലുന്ന എം.ജി.പിയെ നോട്ടമിടുകയാണ്. അതേസമയം ഗോവയിലെ യുവതലമുറയ്ക്ക് ഇംഗ്ലീഷും മറാത്തിയുമാണ് പഥ്യമെന്നിരിക്കേ കൊങ്ങിണിവാദം വേരുപിടിക്കുമോയെന്ന് കണ്ടറിയണം.
വേരുറപ്പില്ലാതെ കോണ്‍ഗ്രസ്
ഗോവയില്‍ കോണ്‍ഗ്രസിന് അടിപതറിയിട്ട് കാലങ്ങളായി. ഓരോതവണ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും നടുതല്ലിവീഴുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രമപ്പെട്ട് എഴുന്നേല്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന് ആം ആദ്മി പാര്‍ട്ടി കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. അതിനിടെ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ മൗവിന്‍ ഗോദിഞ്ഞോ രാജിവച്ചത് അവര്‍ക്ക് ആഘാതമേല്‍പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയില്‍ മനംമടുത്താണ് രാജിയെന്ന് വിശദീകരിച്ച മൗവിന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രമാകാന്ത് ഖലാപിന്റെ മരുമകള്‍ എ.എ.പി സ്ഥാനാര്‍ഥി ആയതും പാര്‍ട്ടിക്ക് തലവേദനയാണ്.
അവസാനം എ.എ.പിയും
ആം ആദ്മി പാര്‍ട്ടിയാണ് അവസാനം ഗോവയിലെത്തിയതെങ്കിലും ആദ്യഘട്ട പ്രചാരണ പരിപാടികള്‍ പാര്‍ട്ടി പൂര്‍ത്തിയാക്കി. കത്തോലിക്ക വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന എ.എ.പി ഫലത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരറുക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരീഖര്‍ പയറ്റിയ ക്രൈസ്തവ രാഷ്ട്രീയം തുടരുകയുമാണ്. എന്നാല്‍, സംസ്ഥാന ഘടകം നേതാവ് ഡോ. പൃഥ്വി അമോന്‍കര്‍ പ്രാഥമികാംഗത്വം രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് കനത്ത ആഘാതമായി. ഒക്ടോബറില്‍ സിയോലിം മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം സമര്‍പ്പിച്ച അദ്ദേഹം അത് പിന്‍വലിക്കുകയും ഡല്‍ഹി നേതൃത്വം തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നതായി ആരോപിക്കുകയും ചെയ്തു.
എന്‍.സി.പിയുമെത്തുന്നു
എന്‍.സി.പി ഒരു ശക്തിയല്ലെങ്കിലും മുറിവേറ്റ എം.ജി.പിയെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, 18 വര്‍ഷം ഗോവയില്‍ മുഖ്യമന്ത്രി പദം വാണിരുന്ന ചര്‍ച്ചില്‍ അലിമാവോ ഇതിനെ എതിര്‍ക്കുന്നു. അടുത്തിടെയാണ് അദ്ദേഹം എന്‍.സി.പിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."