കരാര്‍ തൊഴിലാളികളെ അംഗീകരിക്കാത്ത നിലപാട് തിരുത്തണം: എളമരം കരീം
കണ്ണൂര്‍: പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികളെ തുല്യമായി പരിഗണിക്കാതിരിക്കുന്ന സ്ഥിരം തൊഴിലാളികളുടെ നിലപാട് തിരുത്തണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരിം പറഞ്ഞു.
സി കണ്ണന്‍ സ്മാരക ഹാളിലെ ഇ ബാലാനന്ദന്‍ നഗറില്‍ ബി.എസ്.എന്‍.എല്‍ കാഷ്യല്‍ കോണ്‍ടാക്ട് ലേബേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികളെ സ്ഥിരം തൊഴിലാളികള്‍ അംഗീകരിക്കാത്തതിനു കാരണം പലതാണ്. അതിലൊന്ന് കരാര്‍ തൊഴിലാളികളെ അംഗീകരിക്കുകയും സമര രംഗത്തേക്ക് എത്തിക്കുകയും ചെയ്താല്‍ ഇത്തരം സമരങ്ങളിലൂടെ നേടിയെടുക്കുന്ന ആനുകൂല്യങ്ങള്‍ പങ്കുവെക്കേണ്ടി വെക്കുമെന്ന ആശങ്കയാണ്.
ഏഴുമണിക്കൂര്‍ ജോലിയും ആഴ്ച്ചയില്‍ അഞ്ചു ദിവസം പ്രവൃത്തിദിവസവും വേണമെന്ന ആവശ്യം സാര്‍വദേശീയമായി ഉന്നയിക്കാനുള്ള നീക്കത്തിലാണ് തൊഴിലാളി സംഘടനകളെന്നും ആഗോളതലത്തില്‍ ഈ കാര്യത്തില്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യം അംഗീകരിക്കാന്‍ പറ്റില്ലെന്നും എളമരം വ്യക്തമാക്കി.
ബി.എസ്.എന്‍.എല്‍ സി.സി.എല്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എന്‍ രാജഗോപാല്‍, സെക്രട്ടറി എന്‍.ആര്‍ സോമശേഖരന്‍, സംഘാടക സമിതി ചെയര്‍മാന്‍ എം പ്രകാശന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കെ.എന്‍ ഗോപിനാഥ് സംസാരിച്ചു. ഇന്നു വൈകുന്നേരം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിനു സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."