ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ മനോരമയ്‌ക്കെതിരേ പ്രതിഷേധം
തൊടുപുഴ: യേശുവിന്റെ അന്ത്യഅത്താഴ വിരുന്നിനെ അപകീര്‍ത്തികരമായ ചിത്രത്തിലൂടെ അവഹേളിച്ചെന്നാരോപിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി കത്തോലിക്ക രൂപതകളില്‍ മലയാള മനോരമയ്‌ക്കെതിരേ പ്രതിഷേധം. വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസി സമൂഹം നിരത്തിലിറങ്ങി. മനോരമ പ്രസിദ്ധീകരണങ്ങള്‍ റോഡുകളില്‍ ചീന്തിയെറിഞ്ഞും കത്തിച്ചും യോഗങ്ങള്‍ സംഘടിപ്പിച്ചുമുള്ള ബഹിഷ്‌കരണാഹ്വാനങ്ങളാണ് പ്രധാനമായും മുഴങ്ങിയത്. വായ്മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ക്രൂശിതരൂപവുമേന്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഏജന്റുമാര്‍ മനോരമ പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായി വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. പള്ളികളില്‍ ഇന്നലെ നടന്ന ഞായറാഴ്ച കുര്‍ബാന മധ്യേ പുരോഹിതര്‍ മനോരമയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. പള്ളികളില്‍ മനോരമയ്‌ക്കെതിരെ ലഘുലേഖകളും വിതരണം ചെയ്തു.
ഡിസംബര്‍ ആദ്യവാരം പുറത്തിറങ്ങിയ ഭാഷാപോഷിണിയില്‍ അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന ചിത്രത്തില്‍ കന്യാമറിയത്തെ വിവാദമാകുന്ന രീതിയില്‍ ചിത്രീകരിച്ചതിനെതിരേയാണ് പ്രതിഷേധാഗ്‌നി കത്തിപ്പടരുന്നത്. പരസ്യവരുമാനത്തിലൂടെ കോടികള്‍ കൊയ്യുന്ന പത്രമുതലാളിയുടെ ധാര്‍ഷ്ഠ്യവും എന്തുമാകാമെന്ന ഭാവവുമാണ് ഈ ക്രൂരവിനോദത്തിന് പച്ചക്കൊടി കാണിക്കാന്‍ മനോരമയെ പ്രേരിപ്പിച്ചതെന്ന് കെ. സി. ബി. സി മാധ്യമവിഭാഗം മുന്‍ തലവനും ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. ജോസ് പ്ലാച്ചിക്കലിന്റേതായി പുറത്തിറങ്ങിയ ലഘുലേഖയില്‍ പരാമര്‍ശിക്കുന്നു. കട്ടപ്പനയിലടക്കം നിരവധി കേന്ദ്രങ്ങളിലാണ് ഇന്നലെ നൂറുകണക്കിന് വിശ്വാസികള്‍ തെരുവുകളിലിറങ്ങി മനോരമ പത്രം കത്തിച്ചത്. പ്രസിദ്ധീകരിച്ച ചിത്രത്തിന് ഇതോടൊപ്പമുള്ള ലേഖനവുമായി പുലബന്ധം പോലുമില്ലെന്നു ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."