മതില്‍ തകര്‍ത്ത് കാട്ടുകൊമ്പന്‍ നാല്‍പത് സെന്റ് കോളനിയിലെത്തി
കാളികാവ്: ചോക്കാട് നാല്‍പത് സെന്റ് ആദിവാസി കോളനിയില്‍ ആനയിറങ്ങി. വനാതിര്‍ത്തിയിലുള്ള സംരക്ഷണമതില്‍ തകര്‍ത്താണ് ഒറ്റയാന്‍ കോളനിയിലെത്തിയത്. നായകളെ പിന്തുടര്‍ന്ന് രാജുവിന്റെ വീട്ടുമുറ്റത്താണ് കാട്ടുകൊമ്പനെത്തിയത്. കാട് വിട്ട് കോളനിയിലേക്ക് ആനകള്‍ ഇറങ്ങുന്നത് തടയാന്‍ നിര്‍മിച്ച മതിലിന്റെ വടക്ക് ഭാഗങ്ങളാണ് പൊളിച്ചിട്ടുള്ളത്. മതിലിനോട് ചേര്‍ന്നുള്ള കിടങ്ങിറങ്ങി കയറിയാണ് ആനകള്‍ പുറത്തുകടക്കുന്നത്.
സംരക്ഷണ മതിലിനു പുറമെ ആദിവാസികള്‍ കോളനിക്കു ചുറ്റും സൗരോര്‍ജ വേലിയും ഒരുക്കിയിട്ടുണ്ട്.
മതിയിനും വേലിക്കുമിടയില്‍ കുറഞ്ഞഭാഗം സ്വകാര്യതോട്ടം ഉടമകള്‍ ആനകളെ തടയാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായിട്ടുള്ളത്. ആദിവാസികള്‍ കെട്ടിയ സൗരോര്‍ജ്ജ വേലിയില്‍ നിന്ന് സ്വകാര്യതോട്ടം ഉടമകള്‍ മതിലിനോട് ചേര്‍ന്ന് വേലി നീട്ടിക്കെട്ടി പൂര്‍ണമായും വഴി തടഞ്ഞതോടെയാണ് ആനകള്‍ മതില്‍ തകര്‍ത്തത്. വേനല്‍ രൂക്ഷമാകുന്നതോടെ ആനകള്‍ കൂടുതല്‍ താഴത്തേക്കിറങ്ങുമെന്നാണ് ആദിവാസികള്‍ പറയുന്നത്. തകര്‍ത്ത മതില്‍ പുനര്‍നിര്‍മിച്ച് കിടങ്ങ് താഴ്ത്തണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."