മേക്കടമ്പ് ദുരന്തത്തില്‍ മരിച്ചവരുടെ വീട് കലക്ടര്‍ സന്ദര്‍ശിച്ചു
മൂവാറ്റുപുഴ: മേക്കടമ്പ് വാഹനാപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫറുള്ള സന്ദര്‍ശിച്ചു. മേക്കടമ്പ് ആനകുത്തിയില്‍ പരമേശ്വരന്റെ ഭാര്യ രാധ(60) ഇവരുടെ മകന് പ്രവീണിന്റെ ഭാര്യ രജിത(25) ഇവരുടെ മകള്‍ നിവേദ്യ(4) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി പ്രീജ(34) ശ്രേയ(5) ജയകൃഷ്ണന്(6) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മേക്കടമ്പ് ഗണപതി ക്ഷേത്രത്തില്‍ പാനക പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെയിടയിലേക്ക് നിയന്ത്രണം വിട്ടുവന്ന സാന്‍ട്രോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിര്‍ധനകുടുംബാംഗമായ ഇവര്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നര്‍ദേശത്തെ തുടര്‍ന്ന് 20000 രൂപ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.
സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫറുള്ള പറഞ്ഞു. കളക്ടറോടൊപ്പം എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.എ.രാജു, സുജാത സതീഷന്, പഞ്ചായത്ത് മെമ്പര്‍മാരായ പി.എം.മദനന്, ആര്.രാമന്, മൂവാറ്റുപുഴ നഗരസഭാ വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, മൂവാറ്റുപുഴ കാരഷീക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്, ബിജു മോന്, പി.എം.ജോയി എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."