പ്രതീക്ഷകളുമായി കല്ലുമ്മക്കായ വിത്തുകള്‍ നിക്ഷേപിച്ചു തുടങ്ങി
തൃക്കരിപ്പൂര്‍: നഷ്ടങ്ങളും പരിഭവങ്ങളും മാറ്റി നിര്‍ത്തി കര്‍ഷകര്‍ കായലില്‍ കല്ലുമ്മക്കായ വിത്തുകള്‍ നിക്ഷേപിച്ചു തുടങ്ങി. കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മത്സ്യ സമൃദ്ധി പദ്ധതിയാണു കര്‍ഷകര്‍ക്ക് ഇത്തവണ പ്രതീക്ഷ നല്‍കുന്നത്. ഓരോ വര്‍ഷവും വിത്തുകള്‍ക്ക് അമിത വില ഈടാക്കുന്ന ഇടനിലക്കാരില്ല എന്നതും ഇക്കുറി വിത്തിറക്കാനുള്ള താല്‍പര്യം കൂട്ടി. ഇതുമൂലമുള്ള നഷ്ടം ഇല്ലാതായതിന്റെ ആശ്വാസത്തിലാണിവര്‍.
കഴിഞ്ഞ തവണ നാലായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ഒരു ചാക്ക് വിത്തിന് ഇടനിലക്കാര്‍ ഈടാക്കിയിരുന്നത്. മത്സ്യ സമൃദ്ധിയില്‍ രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാര്‍ വിത്തുകള്‍ വിതരണം ചെയ്തതോടെ വില പകുതിയോളം കുറഞ്ഞു. 2500 രൂപ മാത്രമാണ് ഒരു ചാക്ക് വിത്തിന് ഇത്തവണ കര്‍ഷകരില്‍ നിന്ന് ഈടാക്കിയത്.
ഫിഷറിസ് വകുപ്പിന്റെ ഇടപെടല്‍ കാരണം ഗുണനിലവാരമുള്ള വിത്തുകളാണു ലഭ്യമായതെന്നു കല്ലുമ്മക്കായ കര്‍ഷകനും തൊഴിലാളി നേതാവുമായ ശംസുദ്ദീന്‍ ആയിറ്റി പറഞ്ഞു. ഇത് ഉല്‍പാദനം വര്‍ധിക്കാനും അതിലൂടെ കൂടുതല്‍ ലാഭം കര്‍ഷകര്‍ക്കു ലഭിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണു കര്‍ഷകര്‍. വ്യക്തികളും കുടുംബശ്രീ യൂനിറ്റുകളും വിത്തിറക്കിയിരുന്ന കവ്വായിക്കായലില്‍ മത്സ്യ സമൃദ്ധിയുടെ ഇടപെടലോടെ വ്യക്തിക്ക് ഒരു യൂനിറ്റും കുടുംബശ്രീക്ക് അഞ്ചു യൂനിറ്റുമാണു കൃഷി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
200 മീറ്റര്‍ കയറാണ് ഒരു യൂനിറ്റ്. വിത്തിറക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ആശങ്ക വെള്ളാപ്പ് പുഴയില്‍ കൃഷി ചെയ്യുന്നവര്‍ക്കാണ്. ഇടയിലെക്കാട് ബണ്ട് ഉള്ളതിനാല്‍ നീരൊഴുക്ക് നിലച്ചതു കൃഷിയെ സാരമായി ബാധിക്കുമോയെന്ന ഭയമുണ്ടെങ്കിലും അധ്വാനം വെള്ളത്തിലാവില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."