കോട്ടച്ചേരി മേല്‍പാലം: നഷ്ടപരിഹാരം നല്‍കാന്‍ നടപടി
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിനു വേണ്ടി ഏറ്റെടുത്ത ഭൂ ഉടമകള്‍ക്കുള്ള നഷ്ട പരിഹാര തുക നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇതിനു വേണ്ടി 21 .72 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. നേരത്തെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും തുകയ്ക്കുള്ള ചെക്കുകള്‍ ഉടമകള്‍ക്കു കൈമാറുന്നതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചു 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 നാണ് 25 ആളുകളുടെ സ്ഥലം മേല്‍പാലത്തിനു വേണ്ടി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മാസം 18നകം നഷ്ട പരിഹാര തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രസ്തുത വിജ്ഞാപനം റദ്ദാകുമായിരുന്നു.
ഏറ്റെടുക്കുന്ന സ്ഥലത്തിന് 21.72 കോടി രൂപയാണ് സര്‍ക്കാര്‍ കൈമാറുക. ഇതു പ്രകാരം 2.07 ഏക്കര്‍ സ്ഥലമാണ് ഏറ്റടുക്കുക.25 പേരുടെ ഉടമസ്ഥതതയിലുള്ള വിവിധ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട സ്ഥലമാണ് മേല്‍പാലത്തിനു വേണ്ടി ഏറ്റെടുക്കുന്നത്. ഇതിനകം സംസ്ഥാന പാതയ്ക്കു ചേര്‍ന്നുള്ള സ്ഥലത്തിന് 11.54 ലക്ഷവും മുനിസിപ്പല്‍ പാതക്കു ചേര്‍ന്നുള്ള സ്ഥലത്തിന് 8.66 ലക്ഷവും ബാക്കിയുള്ള സ്ഥലത്തിന് 6.92 ലക്ഷവും സെന്റിനു വില നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചു രണ്ടര കോടിവരെ ലഭിക്കേണ്ട സ്ഥലയുടമകള്‍ പട്ടികയിലുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതോടെ അതിന്റെ രൂപരേഖ തയാറാക്കി റെയില്‍വേയ്ക്കു കൈമാറുമെന്ന് ആര്‍.ഡി.ഒ അറിയിച്ചു.
വര്‍ഷങ്ങളായി നിയമകുരുക്കിലും മറ്റും ഇഴഞ്ഞു നീങ്ങിയിരുന്ന കോട്ടച്ചേരി മേല്‍പാലത്തിന്റെ നിര്‍മാണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ത്വരിത ഗതിയിലാക്കിയിരുന്നു. സ്ഥല ഉടമകള്‍ നല്‍കിയ കേസുകള്‍ ഹൈക്കോടതി തള്ളിയതോടെയാണു മേല്‍പാലം പണിയാനുള്ള നടപടികള്‍ക്കു വീണ്ടും ജീവന്‍ വച്ചത്.
22 സ്ഥല ഉടമകള്‍ ഇപ്പോള്‍ നഷ്ട പരിഹാരം സ്വീകരിക്കും.ബാക്കിയുള്ള മൂന്നു ഭൂ ഉടമകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക പോരെന്നു കാണിച്ചു കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."