വ്യവസായ എസ്റ്റേറ്റിലെ അനധികൃത കച്ചവടം: നഗരസഭ കൗണ്‍സിലില്‍ വാക്‌പ്പോര്
തൊടുപുഴ: വെങ്ങല്ലൂര്‍ വ്യവസായ എസ്റ്റേറ്റിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്‌പോര്. അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിവാക്കണമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായരും സാവകാശം നല്‍കണമെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും നിലപാടെടുത്തതോടെയാണ് കൗണ്‍സില്‍ യോഗം അലങ്കോലമായത്. തര്‍ക്കത്തെ തുടര്‍ന്ന് വിഷയം വോട്ടിനിടുകയും കുടിശിക വാടക ഉള്‍പ്പടെ പിരിച്ചെടുത്ത് അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിവാക്കാനും തീരുമാനിച്ചു.
2016 ജനുവരി 16ന് ഇവരോട് ഒഴിയാന്‍ നോട്ടീസ് നല്‍കിയതാണെന്നും അതിനാല്‍ അവരെ ഒഴിപ്പിക്കണമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. വനിതാ എസ്റ്റേറ്റ് ആയതിനാല്‍ വെങ്ങല്ലൂരുള്ള ഒരു കോണ്‍ട്രാക്ടര്‍ ബിനാമികളെ വെച്ചാണ് മുറികള്‍ വാടകയ്‌ക്കെടുത്തത്. അവിടെ പ്ലാസ്റ്റിക് യൂണിറ്റ് തുടങ്ങാനിരുന്നപ്പോള്‍ ഇയാള്‍ എതിര്‍പ്പുമായി എത്തുകയും ഹൈക്കോടതിയില്‍ കേസിനു പോകുകയും ചെയ്തു. ഇതില്‍ നഗരസഭയ്ക്ക് അനുകൂലമായ വിധി ഉണ്ടായിട്ടുണ്ട്. ഇയാള്‍ അവിടെ മാനദണ്ഡങ്ങല്‍ വിധേയമല്ലാത്ത പല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. അതിനാല്‍ എത്രയും പെട്ടന്ന് ഇവരെ ഒഴിവാക്കി പുതിയ ലേലം നടത്തുകയും പ്ലാസ്റ്റിക് യൂണിറ്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും വേണമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ രാജീവ് പുഷ്പാംഗദനും കെ.കെ ഷിംനാസും ഇതിനെതിരെ രംഗത്ത് വന്നു. ഒഴിപ്പിക്കല്‍ അജണ്ടയിലില്ലെന്നും ആറ് മാസത്തേക്ക് സമയം നീട്ടി നല്‍കണമെന്നുമായിരുന്നു ഇവരുടെ വാദം.
എന്നാല്‍ വൈസ് ചെയര്‍മാന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. വിഷയം വോട്ടിനിടണമെന്ന അഭിപ്രായമുണ്ടായി. എന്നാല്‍ അജണ്ടയിലില്ലാത്തതിനാല്‍ ഇത് വോട്ടിനിടാന്‍ കഴിയില്ലെന്ന നിലപാടാണ് എല്‍.ഡി.എഫ് എടുത്തത്. ഭൂരിപക്ഷം വോട്ടിങ് അനുകൂലിച്ചതിനാല്‍ വോട്ടിനിടുകയും ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
തൊടുപുഴ അമ്പലം ബൈപാസ് റോഡിലെ പഴയ ലൈബ്രറി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ലൈബ്രറിയുടെ എഗ്രിമെന്റ് കാലാവധി പുതുക്കുന്നതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരനാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പഞ്ചായത്ത് കാലം മുതല്‍ ലൈബ്രറി പ്രവര്‍ത്തിക്കാനായി സ്വകാര്യ വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഇപ്പോള്‍ കാര്‍ഷിക ലൈബ്രറി എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വായനശാലയ്ക്ക് പകരം കാര്‍ഷിക ലൈബ്രറി എന്ന പേരില്‍ കച്ചവടസ്ഥാപനമാണ് നടത്തുന്നത്. അതിനാല്‍ ഇവിടെ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ലൈബ്രറി സ്ഥാപിക്കണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
എന്നാല്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.ജെസി ആന്റണി ഇതിന് എതിര്‍പ്പുമായണ്രംഗത്തുവന്നു. സ്ഥാപനം ലൈബ്രറി തന്നെയാണെന്നും കൃഷിയുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ ഇവിടെയുണ്ടെന്നും അവര്‍ പറഞ്ഞു. കൃഷിയില്‍ സമൂഹത്തിന് താല്‍പ്പര്യമുണ്ടാക്കാനായി ഒരു കൂട്ടം യുവാക്കളുടെ ഉദ്യമമാണ് ലൈബ്രറിയെന്നും അതിനെ വിലകുറച്ചു കാണരുതെന്നും എ.എം ഹാരിദ് അഭിപ്രായപ്പെട്ടു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ അജണ്ട വോട്ടിനിട്ടു. എട്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ എതിരെ വോട്ട് ചെയ്‌തെങ്കിലും ഭൂരിപക്ഷം അനുകൂലിച്ചതിനാല്‍ എഗ്രിമെന്റ് പുതുക്കാന്‍ തീരുമാനിച്ചു. പി.എം.എ.വൈക്കുള്ള നഗരസഭാ വിഹിതം നല്‍കാനായി നഗരസഭ വായ്പ്പയെടുക്കാനും തീരുമാനിച്ചു. മുനിസപ്പല്‍ ചട്ടം 297 ാം വകുപ്പ് പ്രകാരമാണ് ലോണെടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."