മടിക്കൈക്ക് കറുത്തദിനം; ഇന്നലെ പൊലിഞ്ഞത് അഞ്ചു ജീവന്‍
നീലേശ്വരം: മടിക്കൈ പഞ്ചായത്തിനു ഇന്നലെ കറുത്ത ദിനമായിരുന്നു. വിവിധ സംഭവങ്ങളിലായി അഞ്ചു പേരാണു ഇവിടെ മരണത്തിനു കീഴടങ്ങിയത്. രാവിലെ പത്തിനു മുന്‍പായിരുന്നു അഞ്ചു മരണവും. എല്ലാവരും ഒരേ വില്ലേജിലെ താമസക്കാര്‍.
കണിച്ചിറ പൂവത്തടി പി സുധാകരന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടികളേയുമെടുത്തു ഭാര്യ ഗീത ചാടിയ സംഭവമായിരുന്നു ഒന്നാമത്തേത്. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നു അമ്മയേയും മക്കളേയും പുറത്തെത്തിക്കുമ്പോഴേക്കും കുട്ടികള്‍ രണ്ടും മരിച്ചിരുന്നു.
ചേതനയറ്റ കുട്ടികളുടെ ശരീരങ്ങള്‍ കണ്ടുനിന്നവരുടെ ഇടയില്‍ നിന്നു കൂട്ടക്കരച്ചിലുയര്‍ത്തി. കുട്ടികളുടെ മരണവിവരമറിഞ്ഞു വീട്ടിലും ജില്ലാ ആശുപത്രിക്കു മുന്നിലും വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
സുധാകരന്‍ പത്രവിതരണത്തിനു പോയ സമയത്താണു ഗീത കുട്ടികളേയുമെടുത്തു കിണറ്റില്‍ ചാടിയത്. അധ്യാപിക കൂടിയായ ഗീതയ്ക്കു ആത്മഹത്യ ചെയ്യാന്‍ മാത്രം കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നു. ഹൊസ്ദുര്‍ഗ് പൊലിസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്തു അന്വേഷണമാരംഭിച്ചു. കുട്ടികളുടെ മരണമറിയാതെ ഗീത ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ കണിച്ചിറയിലെ വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പി കരുണാകരന്‍ എം.പി, പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ തുടങ്ങിയ ജനപ്രതിനിധികളും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എ.കെ രമേന്ദ്രന്‍, സി.ഐ സി.കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
കുട്ടികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണു അടുത്ത മരണ വാര്‍ത്തയെത്തിയത്. തൊട്ടടുത്ത പ്രദേശത്തെ വെള്ളച്ചേരിയില്‍ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്ന ഭാസ്‌കരന്‍(46) മരിക്കുകയായിരുന്നു. ഏറെ വൈകാതെ തന്നെ റാക്കോലിലെ പരേതനായ കണ്ണപ്പൊതുവാളിന്റെ ഭാര്യ മണിയറ വീട്ടില്‍ തമ്പായിഅമ്മയും പൂത്തക്കാലിലെ തന്നെ കുഞ്ഞമ്മയും മരിച്ചു. ഇതോടെ ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം എവിടെ ഓടിയെത്തണമെന്നറിയാതെ അങ്കലാപ്പിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."