ഓസ്‌കാര്‍ ഇനി ഷാങ്ഹായിക്കൊപ്പം
ലണ്ടന്‍: ചെല്‍സിയുടെ ബ്രസീലിയന്‍ മധ്യനിര താരം ഓസ്‌കാര്‍ ചൈനീസ് ക്ലബ് ഷാങ്ഹായ് എസ്.ഐ.പി.ജിയിലേക്ക് ചേക്കേറി. ഏതാണ്ട് 60 കോടി യൂറോയ്ക്കാണ് ബ്രസീലിയന്‍ താരത്തെ ഇംഗ്ലീഷ് ക്ലബ് കൈമാറിയതെന്നു റിപ്പോര്‍ട്ടുകളുണ്ട്. താരത്തെ ചൈനീസ് ക്ലബിനു നല്‍കിയതായി ചെല്‍സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ തുക സംബന്ധിച്ച വിവരങ്ങളൊന്നും ക്ലബ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.
2012ല്‍ ചെല്‍സിയിലെത്തിയ 25കാരനായ ഓസ്‌കാര്‍ 203 മത്സരങ്ങളില്‍ ടീമിനായി കളിച്ചു. 38 ഗോളുകളും നേടി. ചെല്‍സിക്കൊപ്പം പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ്, യൂറോപ്പ ലീഗ് എന്നിവ നേടിയാണ് ബ്രസീലിയന്‍ താരം പുതിയ തട്ടകത്തിലേക്ക് മാറുന്നത്. ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ക്ലബാണ് ഷാങ്ഹായ്. ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായും ഇനി ഓസ്‌കാര്‍ മാറും. 2008 മുതല്‍ 10 വരെ സാവോ പോളയിലാണ് പ്രൊഫഷനല്‍ കരിയറിനു ഓസ്‌കാര്‍ തുടക്കമിട്ടത്. പിന്നീട് 2010 മുതല്‍ 12 വരെ ഇന്റര്‍നാഷനലില്‍ കളിച്ച താരം അവിടെ നിന്നാണ് ചെല്‍സിയിലേക്കെത്തുന്നത്. നാലര വര്‍ഷത്തെ വാസത്തിനു ശേഷമാണ് ബ്രസീല്‍ താരം ഇംഗ്ലണ്ടിനോടു വിട ചൊല്ലുന്നത്.
മുന്‍ ചെല്‍സി പരിശീലകന്‍ ആന്ദ്രെ വില്ലാസ് ബോവാസാണ് നിലവില്‍ ഷാങ്ഹായ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഒപ്പം ദേശീയ ടീമില്‍ ഒപ്പം കളിച്ച ഹള്‍ക്കും ഷാങ്ഹായ് ടീമിലാണ് കളിക്കുന്നത്. മറ്റൊരു ബ്രസീല്‍ താരം എല്‍കെസനും ചൈനീസ് ക്ലബില്‍ ഓസ്‌കാറിനൊപ്പം പന്തു തട്ടും.
ഈ സീസണില്‍ ചെല്‍സിയെ പരിശീലിപ്പിക്കാനെത്തിയ അന്റോണിയോ കോണ്ടെ ഓസ്‌കാറിനെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ പലപ്പോഴും ഉള്‍പ്പെടുത്താറില്ല. ഇതാണ് മാറി ചിന്തിക്കാന്‍ ബ്രസീല്‍ താരത്തെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ സീസണില്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ഷാങ്ഹായ്. ഷാങ്ഹായിയെ 12 പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന് ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെയാണ് ചാംപ്യന്‍മാരായത്. അഞ്ചു പോയിന്റ് വ്യത്യാസത്തില്‍ ജയിന്‍ങ്‌സു സുനിങ് രണ്ടാമതുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."