കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് വീട്ടിലെത്തിച്ചു നല്‍കി
തളിപ്പറമ്പ്: കഥകളി ജീവിതവ്രതമാക്കിയ പറശ്ശിനി കുഞ്ഞിരാമനാശാന് ആദരവുമായി കേന്ദ്ര സംഗീതനാടക അക്കാദമി പ്രതിനിധി വീട്ടിലെത്തി. ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റാത്തതിനാല്‍ കഥകളി ആചാര്യന് അവാര്‍ഡ് നേരിട്ട് സമ്മാനിക്കാന്‍ കണ്ണൂര്‍ സ്വദേശിയും അക്കാദമി കൂടിയാട്ടം വിഭാഗം ഡയരക്ടറുമായ കെ.കെ ഗോപാലകൃഷ്ണനും അക്കാദമി ഉദ്യോഗസ്ഥന്‍ യശ്പാലുമാണ് ഇന്നലെ ഉച്ചയോടെ തവളപ്പാറയിലുള്ള കുഞ്ഞിരാമന്‍ നായരുടെ വീട്ടിലെത്തിയത്. 81 വയസുകാരനായ കുഞ്ഞിരാമന്‍ നായര്‍ പ്രായാധിക്യം കാരണമാണ് അവാര്‍ഡ് സ്വീകരിക്കാന്‍ പോകാതിരുന്നത്. പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ എന്ന് കഥകളി രംഗത്ത് അറിയപ്പെടുന്ന ഇദ്ദേഹം കടത്തനാടന്‍ ശൈലിയില്‍ കഥകളി അവതരിപ്പിക്കുന്നതില്‍ പ്രാവീണ്യം നേടിയവരിലെ അവസാന കണ്ണിയാണ്. വീട്ടിലെത്തിയ അക്കാദമി കൂടിയാട്ട വിഭാഗം ഡയരക്ടര്‍ കെ.കെ ഗോപാലകൃഷ്ണന്‍ കുഞ്ഞിരാമന്‍ നായരെ പൊന്നാടയണിയിച്ച് ആദരിച്ച ശേഷം പ്രശസ്തി ഫലകവും അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും ചികിത്സാ സഹായമായി നല്‍കുന്ന ഒന്നര ലക്ഷം രൂപയും കൈമാറി. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള, എസ്.ആര്‍.ഡി പ്രസാദ്, അഡ്വ. ജയരാജന്‍, കണ്ണൂര്‍ ബാലകൃഷ്ണന്‍ എന്നിവരും കുടുംബാഗങ്ങളും ശിഷ്യന്മാരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."