പൊലിസുകാരനെതിരേ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് ഡി.ജി.പിക്ക് കത്തയച്ചതായി പരാതിക്കാരന്
തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ തന്നെ അന്യായമായി മര്‍ദിച്ച പൊലിസുകാരനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് ജില്ലാ പൊലിസ് കംപ്ലെയിന്റ്സ് അതോറിറ്റി ഡി.ജി.പിക്ക് കത്തയച്ചതായി പരാതിക്കാരന് ബിശ്വജിത്ത് സാമന്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതോറിറ്റിയില്‍ നിന്ന് തനിക്കയച്ച കത്തിന്റെ പകര്‍പ്പും അദ്ദേഹം ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അപകട സാധ്യതയുള്ള ജോലിക്ക് നിയോഗിച്ചുവെന്ന തെറ്റായ ആരോപണവുമായി ചേര്‍പ്പിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെത്തിയ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ പി.പി ജോയ് ചോദ്യം ചെയ്യലിനിടെ ചെകിട്ടത്തടിക്കുകയായിരുന്നു. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കുകയും ചെയ്തു.
എന്നാല്‍ കുട്ടികളെ കൊണ്ടുവന്നത് താനല്ലെന്നും പെരുവനംആറാട്ടുപുഴ പൂരം കാണാന്‍ അവരുടെ ബന്ധുക്കള്‍ ബംഗാളില്‍ നിന്ന് കൂട്ടിക്കൊണ്ടു വരികയായിരുന്നുവെന്നും കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ തന്നെ കുറ്റവിമുക്തനാക്കി.
ഇതേ തുടര്‍ന്ന് പൊലിസ് സേനക്ക് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ച സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും ഇതിന്റെ വിശദാംശങ്ങള്‍ മൂന്ന് മാസത്തിനകം ബോധിപ്പിക്കാനും ഡി.ജി.പിക്ക് നിര്‍ദേശം നല്കി റിട്ട. ജില്ലാ ജഡ്ജി കെ.വി ഗോപിക്കുട്ടന് ചെയര്‍മാനായുള്ള ജില്ലാതല പൊലിസ് കംപ്ലെയിന്റ്സ് അതോറിറ്റി ഉത്തരവിടുകയായിരുന്നു. ബിശ്വജിത്ത് സാമന്തയോടൊപ്പം സ്ഥാപനത്തിലെ മറ്റ് തൊഴിലാളികളായ പി.എസ് വിനീത്, കെ.ബാലു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."