അധികൃതരുടെ അനാസ്ഥ: തൊടുപുഴയ്ക്ക് സ്വയംതൊഴില്‍ പരിശീലനകേന്ദ്രം നഷ്ടപ്പെട്ടേക്കും
തൊടുപുഴ: തൊടുപുഴയില്‍ അനുവദിച്ച ഗ്രാമീണ സ്വയംതൊഴില്‍ സംരംഭകത്വ പരിശീലന കേന്ദ്രം (ആര്‍.സി.റ്റി) ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തിനു പിന്നിലുള്ള സ്ഥലത്ത് ഇതിനായി കെട്ടിടം നിര്‍മിക്കാനും പരിശീലനകേന്ദ്രം അനുവദിക്കാനും മുന്‍ സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്തും തീരുമാനിച്ചതാണെങ്കിലും പുതിയ ഭരണസമിതി ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് പരാതി.
ഇതിനിടെ തൊടുപുഴയില്‍ നിന്ന് ആര്‍സിറ്റി ഹൈറേഞ്ചിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതിന്റെ ഭാഗമാണ് തൊടുപുഴയില്‍ ഇതിനു ചിലര്‍ തുരങ്കം വയ്ക്കുന്നതെന്നാണ് ആക്ഷേപം.
1985ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വിഭാവനം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് ആര്‍.സി.റ്റി. രാജ്യത്തെ 592 ജില്ലകളില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്‍പാദന മേഖലയില്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും പരിശീലനവും വായ്പയും സംഘടിപ്പിച്ചു നല്‍കുകയാണ് ഈ സ്ഥാപനത്തിന്റെ ചുമതല. പരിശീലനം നേടിയവര്‍ക്കു സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ഓരോ ജില്ലയിലെയും ലീഡ് ബാങ്കിനെയാണ് ഈ സ്ഥാപനത്തിന്റെയും പദ്ധതിയുടെയും നടത്തിപ്പ് സര്‍ക്കാര്‍ ഏല്‍പിച്ചത്. യൂണിയന്‍ ബാങ്കിനെയാണ് ഇവിടത്തെ ചുമതല ഏല്‍പിച്ചത്. സൗജന്യമായി കൃഷിസംബന്ധമായ എല്ലാവിധ പരിശീലനവും ഡ്രൈവിങ്, തയ്യല്‍, ചെറുകിട വ്യവസായം, സംരംഭകത്വ പരിശീലനം തുടങ്ങിയ വിവിധ പരിശീലനങ്ങളും നല്‍കി വരുന്നു.
ഈ സ്ഥാപനത്തിന് ഇടുക്കി ജില്ലയില്‍ സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതിനാല്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉദ്ദേശിച്ച നിലയില്‍ ഇവിടെ പദ്ധതിയുടെ നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് വഴിയാണു നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ സ്ഥലത്തില്‍ നിന്നു പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് 50 സെന്റ് സ്ഥലം വിട്ടുനല്‍കണമെന്ന ഗ്രാമവികസന കമ്മിഷന്റെ നിര്‍ദേശം മുന്‍ ബ്ലോക്ക് പ!ഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുകയും കമ്മിറ്റി തീരുമാനം ജില്ലാ ഭരണകൂടവും ഗ്രാമവികസന കമ്മിഷനും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇത് മുന്‍ സംസ്ഥാന മന്ത്രിസഭയും അംഗീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലത്ത് പരിശീലന കേന്ദ്രം നിര്‍മിക്കുവാനായി ആര്‍സിറ്റിക്ക് സ്ഥലം വിട്ടുകൊടുക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം ആര്‍.സി.റ്റിയുടെ നടത്തിപ്പിന് ചുമതലയുള്ള യൂണിയന്‍ ബാങ്ക് തൊടുപുഴ നഗരസഭയില്‍ നിന്നു കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് വാങ്ങുകയും മുംബൈയിലുള്ള യൂണിയന്‍ ബാങ്കിന്റെ കേന്ദ്ര ഓഫിസ് വഴി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനു കെട്ടിടം നിര്‍മിക്കുന്നതിനായി മൂന്നു കോടി രൂപ അനുവദിച്ചു. വര്‍ക്ക് ടെന്‍ഡര്‍ ചെയ്യുകയും എഗ്രിമെന്റ് വയ്ക്കുകയും ചെയ്തതിനുശേഷം പണി ആരംഭിക്കുവാന്‍ തയാറായി എത്തിയപ്പോള്‍ സ്ഥലം വിട്ടുനല്‍കാന്‍ പറ്റില്ലെന്ന് തൊടുപുഴ ബ്ലോക്ക് പ!ഞ്ചായത്ത് ഭരണസമിതി അറിയിച്ചിരിക്കുകയാണ്.
യുഡിഎഫ് ഭരണസമിതി എടുത്ത തീരുമാനമായതിനാല്‍ ഇത് നടപ്പിലാക്കേണ്ടെന്നാണ് നിലവിലുള്ള എല്‍ഡിഎഫ് ഭരണ സമിതിയുടെ തീരുമാനമത്രേ. അതേസമയം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തൊടുപുഴയില്‍ ആര്‍.സി.റ്റി പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടില്ലെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മന്ദിരം പണിയുന്നതിനു നിര്‍ദേശിച്ച സ്ഥലമാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് മുന്‍ ഭരണസമിതി തീരുമാനിച്ചത്. നെടുങ്കണ്ടം ബ്ലോക്കില്‍ പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് സ്ഥലവും സൗകര്യവുമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."