മേല്‍പ്പാല നഷ്ടപരിഹാരം: സര്‍ക്കാര്‍ ഭൂമിവില പൂര്‍ണമായി ട്രഷറിയില്‍ നിക്ഷേപിക്കും
കാഞ്ഞങ്ങാട്: കോട്ടച്ചേരി- ഗാര്‍ഡര്‍വളപ്പ് റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ വില ട്രഷറി ചെക്കായി ഉടമകള്‍ക്ക് കിട്ടും. എന്നാല്‍ ഈ ചെക്ക് മാറികിട്ടാന്‍ ഭൂ ഉടമകള്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
വര്‍ഷങ്ങളായി നിയമകുരുക്കിലും,മറ്റും ഇടറിവീണ് മേല്‍പ്പാല നിര്‍മ്മാണം ഇഴഞ്ഞിരുന്നു. എന്നാല്‍ ഈയടുത്ത് നിയമ കുരുക്കില്‍ നിന്നും ഒഴിവായതോടെ സജീവമായ പാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക ലഭിക്കാനും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഭൂഉടമകള്‍.
കേരള സര്‍ക്കാര്‍ ഭൂമിവില പൂര്‍ണമായി ട്രഷറിയില്‍ നിക്ഷേപിക്കുമെങ്കിലും ചെക്ക് ട്രഷറിയില്‍ നിന്നും പണമായി മാറി കിട്ടാന്‍ നിലവില്‍ നിയന്ത്രണങ്ങളുണ്ട്. ഈ മാസം 31 ന് നിയന്ത്രണം മാറ്റുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
എന്നാല്‍ നിയന്ത്രണം 31 നു ശേഷവും തുടരുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനമാണ് ഭൂ ഉടമകളെ ആശങ്കയിലാക്കുന്നത്. മേല്‍പ്പാലത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്ത വകയില്‍ 23 ഭൂ ഉടമകള്‍ക്കാണ് സര്‍ക്കാര്‍ ഈ മാസം നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കിയത്.
നിലവിലുള്ള നിബന്ധനയനുസരിച്ച് ഭൂമി വിലയായി കിട്ടുന്ന ചെക്ക് മാറാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ആവിക്കരയിലെ പരേതനായ എം.ബി അബ്ദുല്ലാഹാജിയുടെ ഭാര്യ ആയിഷക്ക് 1,73,66419 രൂപയുടെ ചെക്കാണ് ലഭിക്കുക. ഇത് ബാങ്ക് അക്കൗണ്ട് വഴിയാണ് മാറുന്നതെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം.
ആഴ്ചയില്‍ 24000 രൂപ ബാങ്കില്‍ നിന്ന് മാറാമെന്നാണ് നിലവിലുള്ള നിയമം. എന്നാല്‍ മിക്ക ബാങ്കുകളും ഇത് പാലിക്കുന്നില്ല.
ഗ്രാമീണ ബാങ്കുപോലെയുള്ള ചെറിയ ബാങ്കുകള്‍ ചില ദിവസങ്ങളില്‍ അയ്യായിരവും ആറായിരവുമൊക്കെയാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്. ട്രഷറിച്ചെക്ക് ട്രഷറിയില്‍ നിന്ന് നേരിട്ടുമാറാമെന്ന് കരുതിയാല്‍ ട്രഷറിയിലും ഈ മാസം 31 വരെ ഇവിടെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വീണ്ടും മാര്‍ച്ച് 31 വരെ നീട്ടാനാണ് സാധ്യത.
അതേസമയം സര്‍ക്കാരിന്റെ ചില സ്‌പെഷ്യല്‍ കേസുകളില്‍ ട്രഷറിയില്‍ നിന്ന് കൂടുതല്‍ തുക മാറിയെടുക്കുന്നുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില ഏത് വിഭാഗത്തിലാവും സര്‍ക്കാര്‍ ഉള്‍പ്പെടുത്തകയെന്ന് ഇനിയും വ്യക്തമല്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."