മൂന്നു വര്‍ഷത്തിനകം ജില്ലാ ആശുപത്രികളെ സ്‌പെഷാലിറ്റി സെന്ററുകളാക്കും: മന്ത്രി
തലശ്ശേരി: മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ ജില്ലാ ആശുപത്രികളെ സ്‌പെഷാലിറ്റി സെന്ററുകളായി ഉയര്‍ത്തുമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ.
തലശ്ശേരി പ്രസ്‌ഫോറം എരഞ്ഞോളി ആംഗര്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കാത്ത്‌ലാബ് ഉള്‍പ്പെടെ ഒരുക്കി ജില്ലാ ആശുപത്രികളുടെ സേവനം വര്‍ധിപ്പിക്കും. ഹൃദയ സംബന്ധമായ എല്ലാ ചികിത്സകളും ജില്ലാ ആശുപത്രിയില്‍ ലഭിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ 63 ശതമാനം പേരും ചികിത്സതേടി പോകുന്നത് സ്വകാര്യ ആശുപത്രികളിലാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം നല്‍കിയാലും അതു പ്രയോജനപ്പെടുത്താന്‍ ഭൂരിഭാഗവും ശ്രമിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസ് മെഷീന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടന്ന് വരികയാണെന്നും മന്ത്രി പറഞ്ഞു. കെ.ജെ ജോര്‍ജ് അധ്യക്ഷനായി. എന്‍ സിറാജുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."