എന്‍.സി ഉസ്താദിന്റെ യാത്രയയപ്പിന് ചന്തേര ഒരുങ്ങുന്നു
ചെറുവത്തൂര്‍: ആയിരക്കണക്കിന് കുട്ടികളെ മതവിജ്ഞാനത്തിലൂടെ നന്മയിലേക്ക് കൈപിടിച്ച് നടത്തിയ ചന്തേര നിവാസികളുടെ പ്രിയപ്പെട്ട എന്‍.സി ഉസ്താദ് നാട്ടിലേക്ക് മടങ്ങുന്നു. 41 വര്‍ഷത്തെ സാര്‍ഥകമായ അധ്യാപക ജീവിതത്തിനു ശേഷമാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്.
മലപ്പുറം ജില്ലയിലെ മഞ്ചേരി കടത്തുംപടി സ്വദേശിയാണ് എന്‍.സി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍. ചന്തേരയിലെ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലേക്ക് വന്നനാള്‍തൊട്ട് അദ്ദേഹം ഇവിടുത്തുകാര്‍ക്ക് എന്‍.സി ഉസ്താദാണ്. ലാളിത്യവും, സ്‌നേഹത്തോടെയുള്ള പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും മനസില്‍ ഇടം നേടിയ ഇദ്ദേഹം മദ്‌റസയിലെ സദര്‍ ആണ്. ശാരീരിക വിഷമതകള്‍ കാരണം ജന്മനാട്ടിലേക്ക് മടങ്ങാന്‍ ഇദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.
നാട്ടിലും മറുനാടുകളിലുമായി നിരവധി ശിഷ്യസമ്പത്തുള്ള എന്‍.സി ഉസ്താദിന്റെ യാത്രയയപ്പ് യോഗം പ്രൌഡഗംഭീരമാക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. 31ന് വൈകുന്നേരം ഏഴുമണിക്ക് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പരിസരത്ത് നടക്കുന്ന യാത്രയയപ്പ് യോഗത്തില്‍ സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍, പടന്ന ജുമാ മസ്ജിദ് ഖത്തീബ് അബുഹന്നത്ത് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചന്തേര മുസ്‌ലിം ജമാത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."