ടോം ഉഴുന്നാലിന്റെ മോചനം; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി
കാക്കനാട് (കൊച്ചി): യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി കൂടിക്കാഴ്ച നടത്തി. കാക്കനാട് നവോദയയിലുള്ള സീറോ മലബാര്‍ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.
അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മതസൗഹാര്‍ദവും സമാധാനവുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗരൂകരാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നതോടെ ന്യൂനപക്ഷങ്ങളില്‍ ഉയര്‍ന്ന ആശങ്ക ദുരീകരിക്കാനാണ് മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ സന്ദര്‍ശനം. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറുമായി ടെലിഫോണില്‍ സംസാരിക്കാനും കര്‍ദിനാളിന് മന്ത്രി അവസരമുണ്ടാക്കി. യമനുമായി നയതന്ത്ര ബന്ധമില്ലാത്തതാണു വൈദികന്റെ മോചനം വൈകാന്‍ കാരണമെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്, ബി.ജെ.പി നേതാവ് കൃഷ്ണദാസ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വൈദികന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വിയും കേന്ദ്ര സര്‍ക്കാരും ഉറപ്പുനല്‍കിയതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."