തൊഴിലിനായി തെരുവിലിറങ്ങി യുവാക്കള്‍
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം. മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാണ് കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. സമരക്കാരില്‍ ഒരാള്‍ ഇന്നലെ ഉച്ചയോടെ മരത്തിന് മുകളില്‍കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തയാറാകാതെ താഴെയിറങ്ങില്ലെന്ന് ഇയാള്‍ അറിയിച്ചതോടെ പൊലിസും അധികൃതരും വെട്ടിലായി. ഉച്ചക്ക് രണ്ടരയോടെയാണ് കൊല്ലം സ്വദേശിയായ ഇയാള്‍ മരത്തിന് മുകളില്‍ കയറിയത്. പൊലിസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ബെഡും മറ്റും മരത്തിന് ചുറ്റും വിന്യസിച്ച് സുരക്ഷയൊരുക്കി.
കൂടാതെ വലകെട്ടിയും സംരക്ഷണം തീര്‍ത്തു. വൈകീട്ട് അറരയോടെ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പുലഭിക്കാതെ മരത്തിലിരിക്കുന്നയാള്‍ താഴെയെത്തില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ സമരവേദിയിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. ഇന്നലെ രാത്രി വൈകിയും ഇയാളെ പിന്തിരിപ്പിക്കാനുള്ള പൊലിസിന്റെ ശ്രമം വിഫലമായി.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യത്തില്‍ വ്യത്യസ്തങ്ങളായ നിരവധി സമരങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നുവരുന്നത്. ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ 13 ദിവസമായി പട്ടിണിസമരത്തിലാണ്. സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട് ഭാണ്ഡമുണ്ടാക്കി അത് തലച്ചുമടാക്കി മാര്‍ച്ച് നടത്തിയാണ് ഇന്നലെ അവര്‍ പ്രതിഷേധിച്ചത്.
ഓള്‍ കേരള സ്റ്റാഫ് നഴ്‌സ് ഡി.എച്ച്.എസ് റാങ്ക് ഹോള്‍ഴേ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല നിരാഹാര സമരമാണ് അനുഷ്ഠിക്കുന്നത്. കഴിഞ്ഞ 14 ദിവസമായി ഇവര്‍ സമരമുഖത്താണ്.
ഡിസംബര്‍ 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഇവരുടെയും ആവശ്യം. അഞ്ചുദിവസമായി ഇതേ ആവശ്യത്തില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും സമരത്തിലാണ്. ഇതിനിടെ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും രംഗത്തെത്തി. യൂത്ത് ലീഗ് മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുള്‍ഫിക്കര്‍ സലാം അധ്യക്ഷനായി. ഡി നൗഷാദ്, റാഷിദ് പാച്ചല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലിസ് മൂന്നുതവണ ജലപീരങ്കി പ്രയോഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."