കെ.എല്‍.ജി.എസ്.ഡി.പി പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെ.എല്‍.ജി.എസ്.ഡി.പി വിഹിതം വകയിരുത്തിയ പദ്ധതികള്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി.പി.സി യോഗം അംഗീകാരം നല്കി.
പദ്ധതിയ്ക്കായി നവംബര്‍ 30ലെ ഉത്തരവ് പ്രകാരം ലോകബാങ്ക് വിഹിതത്തിന്റെ രണ്ടാം ഗഡുവായി 63 ഗ്രാമപഞ്ചായത്തുകള്‍ക്കും അഞ്ചു നഗരസഭകള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടാതെ പിന്നോക്ക ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അധിക ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരിക്കുളം, കായണ്ണ, കൂത്താളി ഗ്രാപഞ്ചായത്തുകള്‍ക്ക് രണ്ടുകോടി വീതവും അനുവദിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി യോഗം അവലോകനം ചെയ്തു.
പ്ലാന്‍ ഫണ്ടില്‍നിന്ന് 70 ഗ്രാമപഞ്ചായത്തുകള്‍ 20.36 ശതമാനവും 12 ബ്ലോക്ക് പഞ്ചായത്തുകള്‍ 14.31 ശതമാനവും ജില്ലാ പഞ്ചായത്ത് 18.69 ശതമാനവും ഏഴു നഗരസഭകള്‍ 14.7 ശതമാനവും കോര്പറേഷന് 13.39 ശതമാനവുമാണ് ചെലവഴിച്ചത്. ആകെ 17.45 ശതമാനമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച പ്ലാന്‍ ഫണ്ട്. കൂരാച്ചുണ്ട് (30), വേളം (30.21), പെരുവയല്‍ (30.36), നാദാപുരം (31.81), കൊടിയത്തൂര്‍ (33.08), കുന്നുമ്മല്‍ (34), കോട്ടൂര്‍ (40), ഉണ്ണികുളം (44) എന്നിവയാണ് 30 ശതമാനത്തിന് മുകളില്‍ ചെലവഴിച്ച ഗ്രാമപഞ്ചായത്തുകള്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡി.പി.സിയുടെ പ്രഥമ യോഗമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.
യോഗത്തില്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, ഡി.പി.സി അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."