അടച്ചുപൂട്ടിയ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
കൊണ്ടോട്ടി: അടച്ചുപൂട്ടിയ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ കെട്ടിടവും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറും സംഘവും പ്രദേശത്തെത്തി കഴിഞ്ഞ ദിവസം സ്ഥലവും കെട്ടിടവും പരിശോധന നടത്തി.
69 സെന്റ് സ്ഥലത്ത് ഓടുമേഞ്ഞ കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവൃത്തിക്കുന്നത്. സ്ഥലം അളന്നു തിട്ടപ്പെടുത്തിയ സംഘം സ്‌കൂള്‍ കെട്ടിടത്തിന്റെ മതിപ്പ് വിലയും എടുത്തിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ അടുത്തിടെ നടന്ന ഭൂമി രജിസ്‌ട്രേഷന്‍ തുകയായിരിക്കും വിലയായി നല്‍കുക. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ലാഭകരമല്ലെന്നു ചൂണ്ടികാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപച്ചതോടെയാണ് സ്‌കൂള്‍ കഴിഞ്ഞ ജൂണ്‍ എട്ടിന് അടച്ചുപൂട്ടിയത്. തുടര്‍ന്നു ജൂണ്‍ 12 മുതല്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസ കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റികയായിരുന്നു.
രണ്ടാഴ്ച മുന്‍പു കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ പൂര്‍വസ്ഥിതിയിലേക്കു മാറ്റിയതോടെയാണ് സമാന അനുഭവമുള്ള മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തനവും സര്‍ക്കാര്‍ അധീനതയിലാക്കുന്നതിനായി നടപടി തുടങ്ങിയത്. മദ്‌റസാ കെട്ടടിത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ഇതുവരെ വാടകപോലും നല്‍കാതെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറില്‍നിന്നു വ്യക്തമായ തീരുമാനം ലഭിക്കാത്തതിനാല്‍ പഞ്ചായത്തും കൈകഴുകിയിരുന്നു. ഈ അധ്യായനവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പു സ്‌കൂളിനു സ്ഥിരം സംവിധാനം കണ്ടെത്തിയില്ലെങ്കില്‍ മദ്‌റസയിലെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. മദ്‌റസയുടെ കെട്ടടിം താല്‍ക്കാലികമാണെന്നും വൈകാതെ പരിഹാരം കാണുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും അധികൃതരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മദ്‌റസാ കെട്ടിടം താല്‍ക്കാലികമായി നല്‍കിയത്. പിന്നീട് വൈദ്യുത ബില്ല് സ്‌കൂള്‍ അധികൃതര്‍ അടച്ചുവരുന്നുണ്ട്. മദ്‌റസയുടെ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നറിയിച്ചു ജൂണില്‍തന്നെ സര്‍ക്കാര്‍ വിജ്ഞാപനം കലക്ടറേറ്റില്‍ എത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം അധ്യാപകരടക്കം സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ വിശദീകരിച്ചിരുന്നു. അടച്ചുപൂട്ടിയ സ്‌കൂളിന്റെ രേഖളും കംപ്യൂട്ടറടക്കമുള്ളവയും കൊണ്ടോട്ടി എ.ഇ ഓഫിസില്‍ തുരുമ്പെടുക്കുകയാണ്. എ.ഇ.ഒ മുഖേനയാണ് അധ്യാപകരുടെ ശമ്പള വിതരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."