റിക്രൂട്ട്‌മെന്റിന്റെ പേരില്‍ സ്വകാര്യകമ്പനിയുടെ തട്ടിപ്പ് വീണ്ടും
കോഴിക്കോട്: കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യകമ്പനി തട്ടിപ്പ് തുടരുന്നു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, കേരള പൊലിസ്, ഫോറസ്റ്റ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനകളില്‍ തൊഴില്‍ ഉറപ്പാക്കുമെന്ന് വിശ്വസിപ്പിച്ചാണ് സ്വകാര്യ കമ്പനി ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ബറ്റാലിയന്‍ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റര്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ രണ്ടിടത്ത് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയത്. സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പ്രീ റിക്രൂട്ട്‌മെന്റ് സെന്ററിലേക്കുള്ള 'ആളെ ചേര്‍ക്കല്‍' മാത്രമാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയതോടെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ട്രെയ്‌നിങ് സെന്ററിലേക്ക് പതിനായിരം രൂപ ഫീസ് വേണമെന്ന് കമ്പനിയുടെ ചെറൂട്ടിറോഡിലുള്ള ശാഖാ അധികൃതര്‍ അറിയിച്ചതോടെയാണ് സാമൂതിരി സ്‌കൂളില്‍ നടക്കുന്നത് യഥാര്‍ത്ഥ റിക്രൂട്ട്‌മെന്റ് അല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തമായത്. ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് കസബ പൊലിസെത്തിയാണ് കമ്പനി ജീവനക്കാരെ സ്‌കൂള്‍ പരിസരത്ത് നിന്നു മാറ്റിയത്.
കമ്പനിയ്ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് കാണിച്ച് യാതൊരു പരാതിയും ലഭിക്കാത്തതിനാല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തില്ലെന്നുമാണ് കസബ പൊലിസിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."