ഏകദിന പരമ്പര ന്യൂസിലന്‍ഡിന്
ഓവല്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ 67 റണ്‍സിന്റെ വിജയം പിടിച്ചാണ് മൂന്നു മത്സരങ്ങളുടെ പരമ്പര കിവികള്‍ 2-0ത്തിനു നേടിയത്.
ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 251 റണ്‍സിനു ഓള് ഔട്ടായി. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 42.4 ഓവറില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഓപണര്‍ ഇമ്രാന് കയ്സ് (59), സബ്ബിര്‍ റഹ്മാന് (39) എന്നിവരൊഴികെ മറ്റൊരാളും പിടിച്ചു നിന്നില്ല. കിവി നായകന് കെയ്ന്‍ വില്ല്യംസന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്, ടിം സൗത്തി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ഫെര്ഗുസന്, സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിനായി നില് ബ്രൂം പുറത്താകാതെ നേടിയ കന്നി ഏകദിന സെഞ്ച്വറിയാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 33ാം വയസില്‍ 24ാം ഏകദിനത്തിലാണ് ബ്രൂം ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ചത്. 107 പന്തുകള്‍ നേരിട്ട് എട്ടു ഫോറും മൂന്നു സിക്സും പറത്തിയാണ് താരത്തിന്റെ കന്നി ശതകം. 47 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് വീണ് കിവികള്‍ പതറുമ്പോഴാണ് ബ്രൂം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്. ലൂക് റോഞ്ചി (35), നീഷം (28), ലാതം (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ബംഗ്ലാ നായകന് മുഷ്റഫെ മൊര്‍താസ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഷാകിബ് അല്‍ ഹസന്, ടസ്കിന് അഹമദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും സുബാശിഷ് റോയ്, മൊസ്ഡ്ഡെക് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബ്രൂമാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."