ഹജ്ജ് കാര്യം തീരുമാനിക്കാന്‍ ഇറാന്‍ പ്രതിനിധി സംഘം വീണ്ടും സഊദിയിലേക്ക്
റിയാദ്: പ്രതിസന്ധിയിലായ ഈ വര്‍ഷത്തെ ഇറാന്‍ ഹാജിമാരുടെ യാത്ര സംബന്ധിച്ച് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ നയതന്ത്ര പ്രതിനിധി സംഘം വീണ്ടും സഊദിയിലേക്ക് തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഹജ്ജിന് ഇറാന്‍ഹാജിമാര്‍ക്ക് ഹജ്ജ് തന്നെ തടസ്സപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതിനെ തുടര്‍ന്നാണ് വീണ്ടും അവസാന ഘട്ട ശ്രമമെന്നെനിലയില്‍ ഇറാന്‍ പ്രതിനിധി സംഘം സഊദിയിലെത്തുന്നത്.
ചര്‍ച്ചക്കായി ഇറാന്‍ പ്രതിനിധി സംഘം പുറപ്പെട്ടെന്നും ബുധനാഴ്ച സഊദിയുമായി ചര്‍ച്ച നടത്തുമെന്നും ഇറാന്‍ വാര്‍ത്താ എംജെന്‍സി ഇര്‍നയാണ് വ്യക്തമാക്കിയത്. നേരത്തെ രണ്ടു തവണ നടത്തിയ ചര്‍ച്ചയും പരാചയപ്പെട്ടിരുന്നു. സഊദി അറേബ്യയുടെ നിലപാടിനോട് ഇറാന്‍ യോജിക്കാത്തതാണ് ഇതുസംബന്ധിച്ച കരാര്‍ പൊളിയാന്‍ കാരണം. കഴിഞ്ഞ മാസം നാലു ദിവസങ്ങളിലായി ഇറാന്‍ പ്രതിനിധികള്‍ സഊദിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ യാത്രാ നടപടികളും വിമാന സര്‍വീസുകളുമടക്കം ധാരണയില്‍ എത്തിയിരുന്നെങ്കിലും വിസാ സ്റ്റംപിങ് പ്രശ്‌നത്തില്‍ ചര്‍ച്ച അലസിപിരിയുകയായിരുന്നു.
വീണ്ടും നടത്തിയ ചര്‍ച്ചയില്‍ ഇറാന്‍ ഇതിലുപരിയായി മക്കയില്‍ ഇവര്‍ക്ക് മാത്രമായി പ്രത്യേക പ്രാര്‍ഥനാ കേന്ദ്രം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞ സഊദി പരമാവധി വിടുവീഴ്ച ചെയ്‌തെങ്കിലും ഇറാന്‍ സംഘം ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോയിരുന്നു. പിന്നീട് തങ്ങളുടെ രാജ്യത്തെ ഹാജിമാര്‍ക്ക് ഈ വര്‍ഷം ഹജ്ജിനുള്ള സാഹചര്യം നഷ്ടപ്പെടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ ഹാജിമാരെയും സഊദി സ്വാഗതം ചെയ്യുന്നതായും ഇറാന്‍ ഹാജിമാര്‍ക്ക് അവസരം നിഷേധിക്കുന്നത് അവര്‍ തന്നെയാണെന്നുമായിരുന്നു സഊദി യുടെ പ്രതികരണം.
നാളെ നടക്കുന്ന ചര്‍ച്ചയിലെങ്കിലും ഇറാനിലെ വിശ്വാസികള്‍ക്ക് ഈ വര്‍ഷം ഹജ് ചെയ്യാന്‍ യോഗം ഉണ്ടാകുമോയെന്ന നിരീക്ഷണത്തിലാണ് മുസ് ലിം ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."