കളിക്കളത്തില്‍ അത്ഭുതങ്ങളൊളിപ്പിച്ച 2016
സംഭവ ബഹുലമായ ഒരു കായിക വര്‍ഷം കൂടി കടന്നു പോകുന്നു. വിജയ പീഠത്തില്‍ പതിവു മുഖങ്ങള്‍ക്ക് മാറ്റം വന്നു എന്നതാണ് 2016നെ ശ്രദ്ധേയമാക്കിയ വസ്തുത. വിമാന ദുരന്തത്തില്‍ ഒരു ഫുട്‌ബോള്‍ ടീം തന്നെ ഇല്ലാതായതും കളിയും ജീവിതവും കൊണ്ട് ലോകമെങ്ങുമുള്ള മനുഷ്യരെ സ്വാധീനിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി എന്ന അതികായന്‍ ജീവിതത്തിന്റെ കളത്തില്‍ നിന്നു അനശ്വരതയിലേക്ക് മറഞ്ഞതും 2016ലാണ്. ഇന്ത്യന്‍ കായിക ലോകത്തിനും നേട്ടങ്ങളുടെ വര്‍ഷമാണിത്. റിയോ ഒളിംപിക്‌സും യൂറോ കപ്പ്, ശതാബ്ദി കോപ്പ അമേരിക്ക ഫുട്‌ബോളും ടി20 ലോകകപ്പും കബഡി ലോകകപ്പും അരങ്ങേറിയ വര്‍ഷമാണ് 2016.
അപ്രതീക്ഷിത വിജയങ്ങളും കിരീട ധാരണങ്ങളും അപരാജിത കുതിപ്പുകളും 2016ല്‍ കണ്ടു. ഒളിംപിക്‌സ് നീന്തലില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച് മൈക്കല്‍ ഫെല്‍പ്‌സ് വിരമിച്ചതും ഉസൈന്‍ ബോള്‍ട്ടിന്റെ ഒളിംപിക്‌സിലെ ട്രിപ്പിള്‍ ട്രിപ്പിള്‍ നേട്ടവും കരിയറില്‍ ആദ്യമായി ഫോര്‍മുല വണ്‍ ചാംപ്യനായ നിക്കോ റോസ്ബര്‍ഗ് തൊട്ടു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചും വാര്‍ത്തയില്‍ നിറഞ്ഞു. റിയോ ഒളിംപിക്‌സില്‍ ഫിജിയെന്ന കുഞ്ഞന്‍ രാജ്യം റഗ്ബിയില്‍ സ്വര്‍ണം സ്വന്തമാക്കിയതും കിട്ടാക്കനിയായി നിന്ന ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം നേടി ബ്രസീല്‍ ആ കോട്ടം തീര്‍ത്തതിനും ഒളിംപിക് ടെന്നീസില്‍ സ്വര്‍ണം നേടി പ്യുര്‍ട്ടോ റിക്കോയുടെ വനിതാ താരം മോണിക്ക പ്യുഗ് ശ്രദ്ധേയയായതിനും ലോകം സാക്ഷിയായി. ബേസ്‌ബോളില്‍ 108 വര്‍ഷമായി ഒരു കപ്പും നേടാന്‍ സാധിക്കാതിരുന്ന ചിക്കാഗോ കബ്‌സ് ക്ലെവലാന്‍ഡ് ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി കിരീട വരള്‍ച്ചക്ക് വിരാമിട്ടു. അതേ പോലെ ശ്രദ്ധേയമായിരുന്നു 52 വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയിലെ നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ (എന്‍.ബി.എ) കിരീടം നേടി ക്ലവെലാന്‍ഡ് കവാലിയേഴ്‌സ് നേട്ടം സ്വന്തമാക്കി. ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്‌സിനെയാണ് ക്ലെവലാന്‍ഡ് പരാജയപ്പെടുത്തിയത്.
യൂറോ കപ്പ്
പോര്‍ച്ചുഗലിന്റെ കിരീട ധാരണം യൂറോ കപ്പ് ഫുട്‌ബോളിനെ ശ്രദ്ധേയമാക്കി. ആതിഥേയരായ ഫ്രാന്‍സിനെ ഫൈനലില്‍ 1-0ത്തിനു കീഴടക്കിയാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്. യുസേബിയോയ്ക്കും ഫിഗോയ്ക്കും സമ്മാനിക്കാന്‍ സാധിക്കാതിരുന്ന ഒരു മേജര്‍ കിരീടം നേടിക്കൊടുക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സാധിച്ചു. ഐസ്‌ലന്‍ഡ്, വെയ്ല്‍സ് ടീമുകളുടെ കുതിപ്പും യൂറോയെ ശ്രദ്ധേയമാക്കി.
ശതാബ്ദി കോപ്പ അമേരിക്ക
2015ലെ കോപ്പ അമേരിക്ക കിരീട നേട്ടം ശതാബ്ദി കോപ്പയിലും ചിലി ആവര്‍ത്തിച്ചു. 2015ലെ ഫൈനലില്‍ നേര്‍ക്കു വന്ന അര്‍ജന്റീന തന്നെയായിരുന്നു ഇത്തവണയും എതിരാളികള്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് പുറത്തേക്കടിച്ച് ലയണല്‍ മെസ്സിയെന്ന ഇതിഹാസം ദുരന്ത നായകനായപ്പോള്‍ കിരീടം ചിലി സ്വന്തമാക്കി. 2014ലെ ലോകകപ്പ്, 2015ലെ കോപ്പ അമേരിക്ക, 2016ലെ ശതാബ്ദി കോപ്പ ഫൈനലുകളിലെ തോല്‍വിയില്‍ മനംനൊന്ത് അര്‍ജന്റീനയ്ക്കായി ഇനി കളിക്കില്ലെന്നു പ്രഖ്യാപിച്ച് മെസ്സി ലോകത്തെ ഞെട്ടിച്ചു. പിന്നീട് രാജ്യത്തെ ജനങ്ങളുടെ നിരന്തരമായ പ്രേരണയെ തുടര്‍ന്ന് താരം വീണ്ടും കളിക്കാനാരംഭിച്ചത് ചരിത്രം.
റിയോ ഒളിംപിക്‌സ്
മൈക്കല്‍ ഫെല്‍പ്‌സിന്റേയും ഉസൈന്‍ ബോള്‍ട്ടിന്റേയും അപ്രമാദിത്വം ഒരിക്കല്‍ കൂടി കണ്ട ഒളിംപിക്‌സ്. 28 ഒളിംപിക്‌സ് മെഡലുകള്‍ നീന്തല്‍ കുളത്തില്‍ നിന്നു വാരി ഫെല്‍പ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു. റിയോയില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമടക്കം ആറും മെഡലുകളാണ് ഫെല്‍പ്‌സ് നേടിയത്. 23 ഒളിംപിക് സ്വര്‍ണമെന്ന റെക്കോര്‍ഡ് സമീപ കാലത്തൊന്നും ആരും തകര്‍ക്കുമെന്നു തോന്നുന്നില്ല. ഒളിംപിക്‌സില്‍ 100, 200, 4-100 മീറ്റര്‍ റിലേ ഇനങ്ങളില്‍ ഹാട്രിക്ക് സ്വര്‍ണ നേട്ടം സ്വന്തമാക്കിയാണ് സ്പ്രിന്റ് ഇതിഹാസം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ചരിത്രമെഴുതിയത്. ഈ നേട്ടവും സമീപ കാലത്ത് ആരും മറികടക്കുമെന്നു കരുതാന്‍ വയ്യ. താരവും അടുത്ത ലോക മീറ്റോടെ ട്രാക്കിനോടു വിട പറയാനൊരുങ്ങുകയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ഒളിംപിക് സംഘവുമായി റിയോയിലെത്തിയ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. പി.വി സിന്ധു ബാഡ്മിന്റണില്‍ ആദ്യമായി ഒളിംപിക് വെള്ളി നേടുന്ന താരമായതും ഗുസ്തിയില്‍ സാക്ഷി മാലിക് നേടിയ വെങ്കലവും ജിംനാസ്റ്റിക്‌സില്‍ ദീപ കര്‍മാകര്‍ നേടിയ നാലാം സ്ഥാനവുമായിരുന്നു ഇന്ത്യക്ക് നേട്ടങ്ങളായി ചേര്‍ത്തു വയ്ക്കാനുണ്ടായിരുന്നത്. പ്രതീക്ഷയുണ്ടായിരുന്നു ഷൂട്ടിങ്, ബോക്‌സിങ്, അമ്പെയ്ത്ത്, ടെന്നീസ് എന്നിവയില്‍ നിരാശ മാത്രം ബാക്കി. ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ വരെയെത്തിയതും ആശ്വാസമായി.
ഒളിംപിക് വനിതാ ടെന്നീസില്‍ നിലവിലെ ഒന്നാം റാങ്കുകാരിയായ ജര്‍മനിയുടെ അഞ്ജലീക്ക് കെര്‍ബറെ അട്ടിമറിച്ച് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ പോലും കാണാത്ത പ്യുര്‍ട്ടോ റിക്കോയുടെ മോണിക്ക പ്യുഗ് സ്വര്‍ണം സ്വന്തമാക്കിയത് അമ്പരപ്പുളവാക്കി. രണ്ടാം വട്ടവും പുരുഷ സിംഗിള്‍സില്‍ സുവര്‍ണ താരമായി ബ്രിട്ടന്റെ ആന്‍ഡി മുറെ ഒളിംപിക് സ്വര്‍ണം നിലനിര്‍ത്തി. നീന്തലില്‍ നാലു സ്വര്‍ണം നേടി അമേരിക്കയുടെ കാറ്റി ലെഡേകിയും മൂന്നു സ്വര്‍ണം നേടി ഹംഗറിയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന കാറ്റിങ്ക ഹൊസ്സുവും നിര്‍ണായക സാന്നിധ്യങ്ങളായി. ബ്രിട്ടനെ അട്ടിമറിച്ച് ഫിജി ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് റെഗ്ബി സ്വര്‍ണം നെഞ്ചോടു ചേര്‍ത്തു. അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീല്‍ സ്വന്തം നാട്ടില്‍ വിരുന്നെത്തിയ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ കിരീടം ചരിത്രത്തിലാദ്യമായി നേടി. സൂപ്പര്‍ താരം നെയ്മറിന്റെ നായകത്വത്തില്‍ ഇറങ്ങിയ അവര്‍ ജര്‍മനിയെ പരാജയപ്പെടുത്തിയാണ് സ്വര്‍ണം നേടിയത്.
ജിംനാസ്റ്റിക്‌സില്‍ നാലു സ്വര്‍ണം നേടി അമേരിക്കയുടെ സിമോണ്‍ ബെയ്ല്‍സെന്ന കറുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സുവര്‍ണ നേട്ടത്തിനു ശേഷം ആ പെണ്‍കുട്ടി പറഞ്ഞ വാക്കുകളും 2016ലെ ശ്രദ്ധേയമായ വാചകങ്ങളായി. ''ഞാന്‍ അടുത്ത ഉസൈന്‍ ബോള്‍ട്ടും മൈക്കല്‍ ഫെല്‍പ്‌സുമല്ല. ഞാനാണ് ആദ്യത്തെ സിമോണ്‍ ബെയ്ല്‍സ് ''
ഉത്തേജക മരുന്നു വിവാദത്തെ തുടര്‍ന്നു ഒളിംപിക്‌സില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ റഷ്യക്ക് വിലക്ക് വന്നത് ശ്രദ്ധേയമായി. റഷ്യയുടെ ഇതിഹാസ പോള്‍ വാള്‍ട്ട് താരം ഇസിന്‍ബയേവ റിയോയില്‍ മത്സരിച്ച് വിട വാങ്ങണമെന്ന ആഗ്രഹം ബാക്കി നിര്‍ത്തി കരിയര്‍ അവസാനിപ്പിച്ചത് ഒളിംപിക്‌സിന്റെ ശേഷിപ്പുകളില്‍ പെടുത്താം.
കാലിപ്‌സോ മുഴങ്ങിയ രാവ്
ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് രണ്ടാം തവണയും കിരീടം സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാനാവശ്യമായ ആറു പന്തുകളില്‍ 19 റണ്‍സ് ആദ്യത്തെ നാലു പന്തുകളും സിക്‌സര്‍ പറത്തി കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്ന താരം അടിച്ചെടുത്തു. ആ രാത്രി അസാധ്യം എന്നൊരു വാക്കിനു പ്രസക്തിയില്ലെന്നു ബ്രാത്‌വെയ്റ്റ് ലോകത്തിനു കാട്ടിക്കൊടുത്തു. ഇംഗ്ലണ്ടിനെ കീഴടക്കിയാണ് വെസ്റ്റിന്‍ഡീസ് രണ്ടാം തവണയും ചാംപ്യന്‍മാരായത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായും അവര്‍ മാറി. പുരുഷ ടീം കിരീടം നേടിയ അതേ ദിവസം തന്നെ വെസ്റ്റിന്‍ഡീസിന്റെ വനിതാ ടീമും ടി20 ലോകകപ്പ് നേടിയിരുന്നു. ഒരേ ദിവസം അവര്‍ ഇരട്ട നേട്ടമാണ് ആഘോഷിച്ചത്. ഒപ്പം വെസ്റ്റിന്‍ഡീസിന്റെ അണ്ടര്‍ 19 ടീം ഏകദിന ലോകകപ്പ് സ്വന്തമാക്കി 2016ല്‍ കരീബിയന്‍ ദ്വീപ് സമൂഹത്തിനു ഐ.സി.സിയുടെ മൂന്നു ലോക കിരീടങ്ങളാണ് സമ്മാനിച്ചത്.
എങ്കിലും കളിക്കാരും ബോര്‍ഡും തമ്മിലുള്ള പടല പിണക്കങ്ങളും സാമ്പത്തിക അസ്ഥിരതകളും ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളായി തന്നെ നില്‍ക്കുന്നത് കണ്ടാണ് ഈ വര്‍ഷവും അവസാനിക്കുന്നത്.
അപ്രതീക്ഷിതം ലെയ്സ്റ്റര്‍
മാഞ്ചസ്റ്റര്‍ ടീമുകളും ആഴ്‌സണല്‍ ചെല്‍സി ടീമും കൈയടക്കി വച്ചിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി ലെയ്സ്റ്റര്‍ സിറ്റി കരുത്തു കാട്ടി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലാക്‌ബോണ്‍ റോവേഴ്‌സ് കിരീടം നേടിയ ശേഷം ഒരു പുതിയ ടീം ചാംപ്യന്‍മാരാകുന്നത് 2016ലാണ്. റെനിയേരി എന്ന കോച്ചിന്റെ തന്ത്രങ്ങളും ജാമി വാര്‍ഡിയുടെ ഗോളടി മികവുമാണ് നീല കുറുക്കന്മാരെന്നറിയപ്പെടുന്ന ടീമിനെ ഉന്നതിയിലെത്തിച്ചത്.
മറ നീക്കി മുറെ
ടെന്നീസില്‍ ഏറെക്കാലമായി നിന്ന റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്, റാഫേല്‍ നദാല്‍, ആന്‍ഡി മുറെ നാല്‍വര്‍ സംഘത്തിന്റെ അപ്രമാദിത്വം അധികം കാണാതെയാണ് 2016 അവസാനിക്കുന്നത്. ഫെഡറര്‍ക്കും നദാലിനും പരുക്കും ഫോമില്ലായ്മയും വെല്ലുവിളിയായതോടെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയടക്കമുള്ളവര്‍ മുന്നോട്ടു കയറി. ആന്‍ഡി മുറെയുടെ ഒന്നാം റാങ്കിലേക്കുള്ള നടാടെയുള്ള വരവാണ് ഇതില്‍ ശ്രദ്ധേയം. ഏറെക്കാലമായി ദ്യോക്കോവിച് കൈവശം വച്ച ഒന്നാം റാങ്ക് വിംബിള്‍ഡണില്‍ രണ്ടാം കിരീടം നേടിയും ഒളിംപിക് സ്വര്‍ണം നിലനിര്‍ത്തിയും കൊല്ലത്തിലെ അവസാന ടൂര്‍ണമെന്റായ എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ദ്യോക്കോവിചിനെ കീഴടക്കി കിരീടം നേടിയും മുറെ ആ സ്ഥാനം ഉറപ്പാക്കി.
വനിതാ ടെന്നീസില്‍ സെറീന വില്ല്യംസിനെ പിന്തള്ളി അഞ്ജലീക്ക് കെര്‍ബര്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തതും ശ്രദ്ധേയമായി.
കണ്ണീരില്‍ കുതിര്‍ന്ന സ്വപ്‌നം
നവംബര്‍ 28നു കൊളംബിയന്‍ മല നിരകളില്‍ തകര്‍ന്നു വീണ വിമാനത്തില്‍ സഞ്ചരിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് ഷപ്പെകോയെന്‍സിലെ 20ഓളം താരങ്ങളും ഒഫീഷ്യല്‍സും മരണത്തിനു കീഴടങ്ങിയത് ലോകത്തെ ദുഃഖത്തിലാഴ്ത്തി. ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാനായി ടീം കൊളംബിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തം ഒരു ഫുട്‌ബോള്‍ ടീമിനെ ഒന്നടങ്കം ഭൂമിയില്‍ നിന്നു തുടച്ചു മാറ്റിയത്.
ക്രിസ്റ്റ്യാനോയും മാഗ്നസ് കാള്‍സനും
റയല്‍ മാഡ്രിഡിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതിനു പിന്നാലെ രാജ്യത്തിനായി ചരിത്രത്തിലാദ്യമായി ഒരു മേജര്‍ കിരീടം യൂറോയിലൂടെ പോര്‍ച്ചുഗലിനു സമ്മാനിച്ച് ക്രിസ്റ്റ്യാനോ നിറഞ്ഞു. ഇരട്ട ഗോളോടെ റയലിനു ക്ലബ് ലോകകപ്പ് കിരീടം സമ്മാനിക്കാനും സാധിച്ച ക്രിസ്റ്റ്യാനോ ഈ വര്‍ഷത്തെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും ഗ്ലോബ് സോക്കര്‍ പുരസ്‌കാരവും നേടി 2016 അവിസ്മരണീയമാക്കി.
ലോക ചെസ്സ് കിരീടം നേടി നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ തന്റെ അപ്രമാദിത്വം ഉറപ്പിച്ചു. റഷ്യയുടെ സെര്‍ജി കര്യാകിനെതിരേ കടുത്ത പോരാട്ടം അതിജീവിച്ച് തന്റെ ഇഷ്ട മേഖലയായ റാപ്പിഡ് പോരാട്ടത്തിലാണ് കാള്‍സന്‍ ലോകത്തിന്റെ നെറുകയിലെത്തിയത്.
വിരമിച്ചവര്‍
ജര്‍മന്‍ നായകന്‍ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റിഗര്‍, സ്വീഡന്‍ നായകന്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്, സ്പാനിഷ് ഗോള്‍ കീപ്പര്‍ ഇകര്‍ കാസിയസ് എന്നിവര്‍ രാജ്യന്തര ഫുട്‌ബോളിനോടു വിട പറഞ്ഞു. ഇംഗ്ലണ്ട് താരം സ്റ്റീവന്‍ ജെറാര്‍ഡ് സജീവ ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ ബ്രണ്ടന്‍ മെക്കല്ലം, ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ചര്‍ലോട്ട് എഡ്വേര്‍ഡ്‌സ്, ആസ്‌ത്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സന്‍, പാകിസ്താന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, ഇമ്രാന്‍ ഫര്‍ഹദ്, വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ശിവ്‌നാരയണ്‍ ചന്ദര്‍ പോള്‍, ശ്രീലങ്കന്‍ മുന്‍ നായകന്‍ ദില്‍ഷന്‍, ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര, ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ നിക്കോ റോസ്ബര്‍ഗ്, ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ്, ഇതിഹാസ സൈക്ലിങ് താരം ബ്രാഡ്‌ലി വിഗ്ഗിങ്‌സ്, ടെന്നീസ് താരം അന ഇവാനോവിച്, റഷ്യന്‍ പോള്‍ വാള്‍ട്ട് ഇതിഹാസം ഇസിന്‍ബയേവ തുടങ്ങിയവരും 2016ല്‍ കളിക്കളത്തോടു വിട പറഞ്ഞു.
വിട പറഞ്ഞവര്‍
ഇതിഹാസ ബോക്‌സര്‍ മുഹമ്മദ് അലിയെന്ന കാഷ്യസ് ക്ലേ മരണത്തിനു കീഴടങ്ങിയത് 2016ലായിരുന്നു. ജീവിതം കൊണ്ടും ബോക്‌സിങ് റിങിലെ അധീശത്വം കൊണ്ടും ലോകമെങ്ങുമുള്ള ജനങ്ങളെ സ്വാധീനിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു 74ാം വയസില്‍ ജീവിതത്തോടു വിട പറഞ്ഞ അലി.
ഫുട്‌ബോള്‍ ഇതിഹാസങ്ങളായിരുന്ന ഹോളണ്ടിന്റേയും ബാഴ്‌സലോണയുടേയും വിഖ്യാത താരം യോഹാന്‍ ക്രൈഫ് (68), 1970ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ കളിച്ച കാര്‍ലോസ് ആല്‍ബര്‍ട്ടോ (72), മുന്‍ നൈജീരിയന്‍ താരവും പരിശീലകനുമായിരുന്ന സ്റ്റീഫന്‍ കെഷി (54) എന്നിവരും പോയ വര്‍ഷം മരണത്തിനു കീഴടങ്ങി. 1980ല്‍ ഒളിംപിക് സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം അംഗവും ഡ്രബ്ലിങ് വിദഗ്ധനുമായിരുന്ന ഹോക്കി സൂപ്പര്‍ താരം മുഹമ്മദ് ഷാഹിദ് (56), വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം എന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റ് കമന്റേറ്ററും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ടോണി കോസിയര്‍ (75), മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് നായകന്‍ മാര്‍ട്ടിന്‍ ക്രോ (53) എന്നിവരും 2016ല്‍ ജീവിതത്തോടു വിട പറഞ്ഞു.
വിവാദങ്ങള്‍
ഒളിംപിക്‌സുമായി ബന്ധപ്പെട്ട് റഷ്യക്ക് അന്താരാഷ്ട്ര ഒളിംപിക് സമിതി വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് റിയോയില്‍ മത്സരിക്കാന്‍ സാധിക്കാതിരുന്നതും പിന്നീട് നാലു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതും ശ്രദ്ധേയമായി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ലോധ സമിതിയും തമ്മിലുള്ള തര്‍ക്കങ്ങളും കോടതി കയറ്റ വിവാദങ്ങളും ഇപ്പോഴും തുടരുന്നു. ഒളിംപിക് പങ്കാളിത്തം സംബന്ധിച്ച് ഇന്ത്യന്‍ ടെന്നീസിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തു വന്നതും 2016 കണ്ടു. താന്‍ ഉത്തേജക മരുന്നുപയോഗിച്ചതായി തുറന്നു പറഞ്ഞ് മരിയ ഷറപ്പോവ കായിക ലോകത്തെ ഞെട്ടിച്ചു. താരത്തിനു വലക്കും നേരിടേണ്ടി വന്നു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റുമാരായി സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗട്ടാലയേയും നിയമിക്കാനുള്ള നീക്കത്തിനെതിരേ കായിക മന്ത്രാലയം രംഗത്തെത്തിയതും തുടര്‍ന്നുള്ള വിവാദങ്ങളും കണ്ടുകൊണ്ടാണ് 2016 അവസാനിക്കുന്നത്.
സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഫിഫ അധ്യക്ഷ സ്ഥാനത്തു നിന്നു സെപ് ബ്ലാറ്ററുടെ പടിയിറക്കം. ജിയന്നി ഇന്‍ഫാന്റിനോ പുതിയ തലവന്‍. സിക വയറസിന്റെ പേരില്‍ പല താരങ്ങളും റിയോ ഒളിംപിക്‌സില്‍ മത്സരിച്ചില്ല. കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിനു ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ തടവ് ശിക്ഷ ശരിവച്ചു. ടാക്‌സ് വെട്ടിപ്പ് കേസില്‍ മെസ്സിക്ക് ജയില്‍ ശിക്ഷ വിധിച്ചതും 2016നെ ശ്രദ്ധേയമാക്കി.
ഇന്ത്യ- 2016
ഇന്ത്യയുടെ പെണ്‍മക്കള്‍
കായിക ലോകത്ത് ഇന്ത്യന്‍ സ്ത്രീത്വം തലയുയര്‍ത്തിപ്പിടിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ഒളിംപിക്‌സില്‍ പ്രതീക്ഷിച്ച ഇനങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയായപ്പോള്‍ അഭിമാനമായത് പി.വി സിന്ധു ബാഡ്മിന്റണില്‍ നേടിയ വെള്ളിയും സാക്ഷി മാലിക് ഗുസ്തിയില്‍ നേടിയ വെങ്കലവും ദീപ കര്‍മാകര്‍ ജിംനാസ്റ്റിക്‌സ് വോള്‍ട്ടില്‍ നേടിയ നാലാം സ്ഥാനവും ചര്‍ച്ച ചെയ്യപ്പെട്ടു. സാനിയ മിര്‍സ ടെന്നീസ് ഡബിള്‍സില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയും ഒളിംപിക് മിക്‌സ്ഡ് ഡബിള്‍സില്‍ സെമിയിലെത്തിയും ഡബിള്‍സ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയും 2016ലും സജീവമായി. പാരാലിംപിക്‌സ് ഷോട് പുട്ടില്‍ ദീപ മാലിക് നേടിയ വെള്ളിയും ഒളിംപിക്‌സ് ഗോള്‍ഫില്‍ മത്സരിക്കാനിറങ്ങി ശ്രദ്ധേയയായ അദിതി അശോക് പിന്നീട് ലേഡീസ് യൂറോപ്യന്‍ ഗോള്‍ഫ് കിരീടം നേടിയതും നേട്ടമായി.
അപരാജിതം കോഹ്‌ലി കൂട്ടം
പരാജയമറിയാതെ 18 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ റെക്കോര്‍ഡിട്ടു. ടെസ്റ്റില്‍ ഒന്നാം റാങ്കും അഞ്ചു തുടര്‍ ടെസ്റ്റ് പരമ്പര വിജയങ്ങളും നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ബാറ്റിങിലും നായക മികവിലും കോഹ്‌ലി തിളങ്ങി. ഒപ്പം ബൗളിങില്‍ അശ്വിന്റെ ഒന്നാം റാങ്ക് പദവിയും വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി മാറിയ കരുണ്‍ നായരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മലയാളിയായ കരുണിന്റെ നേട്ടം കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കി.
കബഡിയിലെ അജയ്യത
കബഡി ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടം. ഫൈനലില്‍ ഇറാനെ പരാജയപ്പെടുത്തിയാണ് അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ലോക കിരീടത്തില്‍ ഹാട്രിക്ക് മുത്തമിട്ടത്.
തിളക്കം വീണ്ടെടുത്ത് ഇന്ത്യന്‍ ഹോക്കി
ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ദേശീയ കായിക വിനോദമായ ഹോക്കി തിളങ്ങിയ വര്‍ഷം. ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടമാണ് എടുത്തു പറയേണ്ടത്. സീനിയര്‍ ടീം സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയതും ചാംപ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡല്‍ നേടിയതും ഒളിംപിക്‌സിന്റെ ക്വാര്‍ട്ടറിലെത്തിയതും ശ്രദ്ധേയം. സീനിയര്‍ ടീം ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയും 2016 അവിസ്മരണീയമാക്കി.
പ്രതീക്ഷയോടെ ഫുട്‌ബോള്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു. എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബംഗളൂരു എഫ്.സി മാറിയതും ഇന്ത്യന്‍ ദേശീയ ടീമിന്റെ റാങ്കിങിലെ കുതിപ്പും പ്രതീക്ഷ നല്‍കുന്നു. ഐ.എസ്.എല്ലിന്റെ മൂന്നാം സീസണില്‍ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫുട്‌ബോളിലെ ബംഗാള്‍ കരുത്ത് വീണ്ടും തെളിയിച്ചു. രണ്ടാം തവണയും ഫൈനലിലെത്തിയിട്ടും കപ്പുയര്‍ത്താന്‍ ഭാഗ്യമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് തല താഴ്ത്തിയെങ്കിലും കരുത്തുറ്റ ഭാവിയുള്ള ടീമാണെന്നു തെളിയിക്കാന്‍ കോപ്പലാശാനും സംഘത്തിനുമായി. ഐ.എസ്.എല്ലും ഐ ലീഗും ലയിപ്പിച്ച് ഒറ്റ ലീഗാക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ സജീവമായ വര്‍ഷം കൂടിയാണ് 2016.
വിജേന്ദറും പങ്കജ് അദ്വാനിയും
11ാം തവണയും ലോക ബില്ല്യാര്‍ഡ്‌സ് കിരീടം നേടി പങ്കജ് അദ്വാനി ചരിത്രമെഴുതി. ഏഷ്യന്‍ സിക്‌സ് റെഡ് സ്‌നൂകര്‍ കിരീടം നേടി ഈയിനത്തിലെ ലോക കിരീടവും കോണ്ടിനന്റല്‍ കിരീടവും ഒരേ സമയം കൈവശംവയ്ക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന പെരുമയും അദ്വാനി സ്വന്തമാക്കി.
പ്രൊഫഷണല്‍ ബോക്‌സിങിലെ അജയ്യത വീണ്ടും വിജേന്ദര്‍ തെളിയിച്ച വര്‍ഷം. ഏഷ്യ- പസിഫിക്ക് കിരീടം ഫ്രാന്‍സിസ് ചെകയെ മലര്‍ത്തിയടിച്ച് വിജേന്ദര്‍ നിലനിര്‍ത്തി. കരിയറില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ എട്ടാം വിജയമാണ് വിജേന്ദര്‍ സ്വന്തമാക്കിയത്.
റിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടങ്ങള്‍ സ്വന്തമായി. മാരിയപ്പന്‍ തങ്കവേലു ഹൈ ജംപില്‍ സ്വര്‍ണവും വരുണ്‍ സിങ് ഭട്ടി വെങ്കലവും നേടി. ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജഝാരിയ സുവര്‍ണ താരമായി.
ഷോട് പുട്ടില്‍ വെള്ളി നേടിയ ദീപ മാലികും ഇന്ത്യയുടെ യശ്ശസുയര്‍ത്തി.
ഐ.സി.സിയുടെ വനിത ലോക ഇലവനില്‍ സ്ഥാനം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ സ്മൃതി മന്ധന, അണ്ടര്‍ 20 ലോക ചാംപ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടി നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ നീരജ് ചോപ്ര, യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍ ട്രാക്ക് സൈക്ലിങ് ലോക ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായി മാറിയ ഡെബോറ ഹെറോള്‍ഡ് എന്നിവരും ഇന്ത്യയുടെ 2016ലെ അഭിമാനങ്ങളായി.
സ്വപ്‌നങ്ങളും പ്രതീക്ഷകളും അവിരാമം തുടരട്ടെ...
പ്രതീക്ഷകളാണ് നാളെയെ സജീവമാക്കുന്നത്. തിരിച്ചു വരാത്ത ഭൂതകാലത്തില്‍ സ്വന്തമാക്കിയ നേട്ടങ്ങളും കോട്ടങ്ങളും സ്വപ്‌നങ്ങള്‍ പൂവണിയിക്കാനുള്ള ആര്‍ജവമാണ് ഉള്ളില്‍ നിറയ്‌ക്കേണ്ടത്. ചിലിക്കെതിരായ ശതാബ്ദി കോപ്പയുടെ ഫൈനലില്‍ പെനാല്‍റ്റിയിലെ ആദ്യ കിക്കെടുക്കാന്‍ പോകുമ്പോള്‍ ലയണല്‍ മെസ്സിയെന്ന ഇതിഹാസ താരത്തിന്റെ മാനസികാവസ്ഥയെ കുറിച്ച് നാമൊന്നു ആലോചിച്ചു നോക്കു. ലോകമെമ്പാടുമുള്ള കോടിക്കണക്കിനായ ജനങ്ങള്‍ ആ മനുഷ്യനെ ഉറ്റു നോക്കിയ നിമിഷത്തിന്റെ ഒരൊറ്റ സെക്കന്റിലാണ് അസാധ്യമായ ഗോളുകള്‍ നേടിയ മെസ്സിക്ക് അനായാസമായ ഒരു കിക്ക് പിഴച്ചു പോകുന്നത്. കളി അങ്ങനെയാണ് എന്തും സംഭവിക്കാം. അതുകൊണ്ടാണ് കാര്‍ലോസ് ബ്രാത്‌വെയ്റ്റിനു ആദ്യ നാലു പന്തുകളും എളുപ്പം സിക്‌സര്‍ പായിക്കാന്‍ കഴിഞ്ഞത്. കാരണം മറ്റാരേക്കാളും ആ കപ്പ് അര്‍ഹിച്ചത് തങ്ങള്‍ മാത്രമാണെന്നു വെസ്റ്റിന്ത്യന്‍ കളിക്കാര്‍ക്കു മുഴുവനും അറിയാമായിരുന്നിരിക്കണം. അതുകൊണ്ടു തന്നെ നാളെ കായിക നഭസില്‍ ഉദിക്കാന്‍ പോകുന്ന നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന ആനന്ദത്തിന്റെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കാം. സ്വപ്‌നങ്ങളും പ്രതീക്ഷകളും അവിരാമം തുടരട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."