യു.എന്നില്‍ മസൂദ് അസ്ഹറിന് പിന്തുണയുമായി വീണ്ടും ചൈന
ന്യൂയോര്‍ക്ക്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനു വീണ്ടും ചൈനയുടെ തടസം. മസൂദിനെ ഭീകരപ്പട്ടികയില്‍ ചേര്‍ക്കാനുള്ള യു.എന്‍ രക്ഷാസമിതിക്കു കീഴിലെ തീവ്രവാദവിരുദ്ധ സമിതിയുടെ നീക്കം കഴിഞ്ഞ ദിവസം ചൈന തടയുകയായിരുന്നു.
സംഭവത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഭീകരവാദത്തിനിരയായ ചൈന തന്നെ ഇത്തരമൊരു നിലപാടെടുത്തത് ആശ്ചര്യപ്പെടുത്തുന്നതാണെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ചൈനയുടെ നടപടി ഭീകരവിരുദ്ധ പോരാട്ടത്തിലുള്ള അവരുടെ ഇരട്ടനിലപാട് വ്യക്തമാക്കുന്നതാണ്. വിഷയത്തില്‍ സാധ്യമായ വഴികളെല്ലാം ഉപയോഗിച്ച് ഇന്ത്യ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ആണവ വിതരണക്കാരുടെ സമിതി(എന്‍.എസ്.ജി)യില്‍ അംഗത്വം നേടാനും മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ചേര്‍ക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തില്‍ ചൈനയുടെ നിലപാടില്‍ മാറ്റമില്ലെന്നു കഴിഞ്ഞ ആഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് വ്യക്തമാക്കിയിരുന്നു. മസൂദിനെ യു.എന്‍ ഭീകരപ്പട്ടികയില്‍ ചേര്‍ക്കാനുള്ള ഇന്ത്യന്‍ നീക്കം കഴിഞ്ഞ ഒക്ടോബറിലും ചൈന തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."