റുഖിയവധം: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു
വേങ്ങര: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണമംഗലത്ത് വാളക്കുടയില്‍ പൂഴിക്കുന്നത്ത് അബ്ദുല്ലക്കുട്ടിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് ഹാജരാക്കി. ഇന്നലെ രാവിലെ 11ന് മലപ്പുറം സി.ഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാള്‍ പ്രതി വീടിന്റെ പിന്‍ഭാഗത്ത് നിന്ന് പൊലിസിന് എടുത്തുകൊടുത്തു. കൊലക്ക് ഉപയോഗിച്ച കത്തിയില്‍ രക്തകറ പറ്റിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു കൃത്യം നടന്നത്. കൊല്ലപ്പെട്ട റുഖിയ ഇയാളുടെ ആദ്യ ഭാര്യയാണ്. രണ്ടാം ഭാര്യയേയും മക്കളെയും മുറിക്കു പുറത്താക്കി വാതിലടച്ചു കുറ്റിയിട്ടാണ് ഇയാള്‍ കൃത്യം ചെയ്തത്.
ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് റുഖിയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അതിനിടെ റുഖിയയുടെ മൃതദേഹം സ്വദേശമായ ചൂരല്‍മലയില്‍ ഖബറടക്കി. ഇപ്പോഴുള്ള രണ്ടു ഭാര്യമാരെ കൂടാതെ ഇയാള്‍ക്ക് നേരത്തെ മറ്റു രണ്ടു ഭാര്യമാരുമുണ്ടായിരുന്നതായി സൂചനയുണ്ട്. കൊല്ലപ്പെട്ട റുഖിയക്ക് ഇയാളില്‍ മക്കളില്ല. വയനാട് ചൂരല്‍മല സ്വദേശിനിയാണ് റുഖിയ. തന്റെ സ്വദേശമായ ചൂരല്‍ മലയിലേക്ക് പോവാന്‍ തുനിഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും സൂചനയുണ്ട്. വ്യാഴായ്ച്ച മലപ്പുറം സി.ഐ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാട്ടുകാരുമായി വലിയ ബന്ധം പുലര്‍ത്താതിരുന്ന അബ്ദുല്ലകുട്ടി ദീര്‍ഘകാലം വയനാട്ടിലായിരുന്നു. അവിടെ നിന്നാണ് റുഖിയയെ വിവാഹം കഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."