മത്സ്യ വില്പന ശാലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന
തൊടുപുഴ: ഓപ്പറേഷന് സാഗര റാണിയുടെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ മത്സ്യ വില്പന ശാലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. മീനില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇടുക്കി ജില്ലയിലും റെയ്ഡ് നടന്നത്.
തൊടുപുഴയില്‍ മൂന്ന് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്ഡിനടത്തുള്ളതും, വെങ്ങല്ലൂര്‍, മങ്ങാട്ടുകവല എന്നിവിടങ്ങളിലുമുള്ള കടകളിലാണ് പരിശോധന നടത്തിയത്. മൂന്ന് കടകളില്‍ നിന്നുമായി മീനുകളുടെ ഏഴ് സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഐസിന്റെയും സാമ്പിളുകള്‍ മൂന്ന് കടകളില്‍ നിന്ന് ശേഖരിച്ചു.
സാമ്പിളുകള്‍ കാക്കനാട്ടെ ലാബിലേക്ക് അയച്ചു. രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം പുറത്തുവരും. സാമ്പിളുകളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി എറണാകുളം വില്ലിങ്ടണ്ണിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷിംഗ് ടെക്നോളജിയുടെ ലാബിലേക്ക് അയക്കും.
കഴിഞ്ഞ ദിവസം ഏലപ്പാറയിലും രണ്ട് കടകളില്‍ പരിശോധന നടത്തിയിരുന്നു. തൊടുപുഴ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബെന്നി ജോസഫിന്റെയും പീരുമേട് ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്‍.ടി ബേബി ചെറിയാന്റെയും നേതൃത്വത്തിലാണ് ജില്ലയില്‍ പരിശോധന നടന്നത്. ചില സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."