മലയോരത്തിന് ആശ്വാസമേകി എന്‍.എസ്.എസിന്റെ തടയണ നിര്‍മാണം
തിരുവമ്പാടി: മലയോരത്തെ മണ്ണിനും മനുഷ്യര്‍ക്കും ആശ്വാസമേകി എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ തടയണ നിര്‍മാണം. സുപ്രഭാതം ജലസംരക്ഷണ കാംപയിനുമായി സഹകരിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ എന്‍.എസ്.എസ് സപ്തദിന ക്യാംപിലെ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ തടയണ നിര്‍മിച്ചത്. പഞ്ചായത്തിലെ ചെമ്പനങ്ങോട്, തമ്പലമണ്ണ ഭാഗങ്ങളിലെ വീടുകളിലെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും ജലനിരപ്പ് ഉയരാന്‍ ഇതു കാരണമായിട്ടുണ്ടെന്ന് പ്രദേശത്തുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ വേനല്‍ക്കാലത്ത് ജലനിധി പദ്ധതിയിലൂടെയാണ് പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കിയത്.
എന്നാല്‍ ഈ വര്‍ഷം വിദ്യാര്‍ഥികളുടെ തടയണ നിര്‍മാണത്തിലൂടെ ജലക്ഷാമത്തില്‍ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. ആയിരത്തി നാനൂറോളം മണല്‍ ചാക്കുകളാണ് ഇതിനുവേണ്ടി വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. ബിജു ജോസഫ്, എം.പി ശ്യാമ, വളണ്ടിയര്‍ സെക്രട്ടറിമാരായ വി.പി നിഹാല്‍, എം.ആര്‍ രാഹുല്‍, അഭിനന്ദ്, ഐ.പി അനഘ എന്നിവര്‍ നിര്‍മാണത്തിനു നേതൃത്വം നല്‍കി.
മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമൊരുക്കിയ വിദ്യാര്‍ഥികള്‍ക്ക് തിരുവമ്പാടി ടൗണില്‍ പൗരാവലി സ്വീകരണം നല്‍കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോളി ജോസഫ്, തിരുവമ്പാടി സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ മുസ്തഫ കളിയണ്ണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."