പി.എന്‍ മുത്തുകോയ തങ്ങള്‍: സമസ്തയെ നെഞ്ചേറ്റിയ ആത്മീയ പ്രഭ
കോഴിക്കോട്: ലക്ഷദീപിലെ ആത്മീയ രംഗത്തെ ലൈറ്റ് ഹൗസ് ആയിരുന്നു ഇന്ന് വഫാത്തായ പി.എന്‍ മുത്തുകോയ തങ്ങള്‍. കവരത്തിയിലെ ദീനീ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി വര്‍ത്തിച്ച അദ്ദേഹം ലക്ഷദ്വീപുകളിലുടനീളം ആദരിക്കപ്പെടുന്ന മഹാവ്യക്തിത്വമായിരുന്നു.
സമസ്തയെന്ന മഹാപ്രസ്ഥാനത്തെ എത്രത്തോളം അദ്ദേഹം സ്‌നേഹിച്ചിരുന്നുവെന്നത് അളന്ന് തിട്ടപ്പെടുത്താന്‍ പോലും കഴിയാത്ത തരത്തിലാണ്. ഒരു മുഴു സമയ സംഘടനാ പ്രവര്‍ത്തകനെന്ന തലത്തിലായിരുന്നു അദ്ദേഹത്തിന്റെ സമീപനങ്ങള്‍ . സമസ്തയുടെ കാര്യത്തില്‍ ഒരു അണുപോലും വിട്ടുവീഴ്ചയ്ക്ക് തയാറല്ലാതിരുന്ന തങ്ങള്‍ അക്കാരണത്താല്‍ തന്നെ ചിലരുടെയൊക്കെ അനിഷ്ടത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ടായിരുന്നു. സത്യത്തിന് മുന്‍പില്‍ ഒരു അഡ്ജസ്റ്റുമെന്റിനും ഒരുക്കമല്ലാതിരുന്ന അദ്ദേഹം പ്രായാധിക്യം പോലും മറന്നു കൊണ്ടാണ് കര്‍മ്മമേഖലയില്‍ സജീവമായത്.
സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക മഹാസമ്മേളനം ആലപ്പുഴയില്‍ നടന്നപ്പോള്‍ മുഴുസമയവും അതില്‍ പങ്കാളിയായി അദ്ദേഹമുണ്ടായിരുന്നു. സമ്മേളനത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കുന്നതിനു വേണ്ടി നേരത്തെ തന്നെ ഒരുങ്ങിയ കാര്യം സൂചിപ്പിച്ചത് ഓര്‍ക്കുകയാണ്. സമ്മേളന തീയതി അടുക്കുന്നതിന് മുന്‍പേ ആരോഗ്യപരമായ പ്രശ്‌നത്തിന് വേണ്ട ചികില്‍സ നടത്തിയിരുന്നു.
സമ്മേളന പന്തലിലും സ്റ്റേജിലുമെല്ലാം ഒരു കാരണവരെപ്പോലെ അദ്ദേഹം നിറഞ്ഞുനിന്നു. സുപ്രഭാതത്തോട് അളവറ്റ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. അതിന്റെ ഒന്നാം വാര്‍ഷികം കൊച്ചിയില്‍ വച്ചു നടന്നപ്പോള്‍ കാലത്ത് മുതല്‍ പരിപാടി പര്യവസാനിക്കുന്നത് വരെ അദ്ദേഹം പങ്കെടുത്തു. ഇക്കഴിഞ്ഞ മനുഷ്യ ജാലിക ലക്ഷദ്വീപിന്റേത് കവരത്തിയില്‍ വച്ചായിരുന്നു നടന്നിരുന്നത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, നൗഷാദ് ബാഖവി തുടങ്ങിയവരോടൊപ്പം ഈ പരിപാടിയില്‍ കുറിപ്പുകാരനും പങ്കെടുത്തിരുന്നു.
നാലു ദിവസം നീണ്ടു നിന്ന ആ പരിപാടിയില്‍ പൂര്‍ണ്ണമായും അദ്ദേഹത്തോടൊപ്പമായിരുന്നു ഞങ്ങള്‍. കപ്പലില്‍ എത്തിച്ചേര്‍ന്ന എസ്. കെ.എസ്.എസ്.എഫ് സംഘത്തെ സ്വീകരിക്കാന്‍ അദ്ദേഹം തന്നെ തുറമുഖത്തെത്തി. പല തവണകളായി വന്ന സംഘാംഗങ്ങളെ സ്വീകരിക്കാന്‍ കൊടുംവെയിലത്ത് അദ്ദേഹം വന്ന രംഗങ്ങള്‍ കണ്ണില്‍ നിന്ന് ഇപ്പോഴും മാഞ്ഞു പോകുന്നില്ല. തുടര്‍ന്ന് മുഴുസമയവും അദ്ദേഹത്തോടൊപ്പമായിരുന്നു ഞങ്ങള്‍.
മിക്ക സമയത്തും അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ഞങ്ങള്‍ക്കുള്ള ഭക്ഷണം. ലക്ഷദ്വീപിന്റെ ഇസ്‌ലാമിക ചരിത്രത്തില്‍ ശ്രദ്ധേയമാം വിധം രേഖപ്പെടുത്തിയ എസ്.കെ.എസ്.എസ്.എഫിന്റെ മഹാസമ്മേളനവും മനുഷ്യ ജാലികയും അദ്ദേഹത്തിന്റെ നേതൃപാടവവും സംഘാടക മികവും സര്‍വ്വോപരി ആത്മീയ നേതൃ ശക്തിയും വിളിച്ചോതുന്നതായിരുന്നു.
ഇക്കഴിഞ്ഞ പുതുവര്‍ഷ പുലരിയില്‍ വിനീതന്‍ മിനിക്കോയ് ദ്വീപ് സന്ദര്‍ശിച്ച് തിരിച്ചു വരുമ്പോള്‍ അദ്ദേഹവും കപ്പലില്‍ കൂടെയുണ്ടായിരുന്നു. ചികില്‍സ ആവശ്യാര്‍ത്ഥം കൊച്ചിയിലേക്ക് വരികയായിരുന്നു അദ്ദേഹം. കപ്പലിലെ ആശുപത്രി കിടക്കയില്‍ അനങ്ങാന്‍ പോലും കഴിയാതെ കിടക്കുകയായിരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ ദീര്‍ഘസമയമാണ് അദ്ദേഹം സംസാരിച്ചത്.
എല്ലാം സമസ്തയും ശംസുല്‍ ഉലമയുമായിരുന്നു സംസാരവിഷയങ്ങള്‍. ചികില്‍സ കഴിഞ്ഞ് എത്രയും വേഗം തിരിച്ചെത്തണമെന്നും ജനുവരിയില്‍ കവരത്തിയില്‍ വച്ചു നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സമ്മേളനവും ജാലികയും വിജയിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറയുകയുണ്ടായി.
ചികില്‍സക്ക് പോകുന്നത് തന്നെ സമ്മേളനം നടത്താനുള്ള ആരോഗ്യത്തിനു വേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ജാലിക കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ യാത്രയാക്കാനെത്തിയ തങ്ങള്‍ ചേര്‍ത്തു പിടിച്ച് സ്‌നേഹത്തോടെ കാതില്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ്. ദീനി രംഗത്ത് പ്രവര്‍ത്തിക്കുന്നതിന്റെ മഹത്വവും പുണ്യവും ആ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. ആലിംഗനത്തില്‍ നിന്ന് കൈമാറിയ ഊര്‍ജ്ജം ആ വലിയ മനുഷ്യനെ ഒരു കാലത്തും മറക്കാന്‍ കഴിയാത്ത തരത്തിലുള്ള ശക്തിയായി ഇന്നും മനസ്സിനകത്ത് നിറഞ്ഞു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."