തിരുവനന്തപുരം വിമാനത്താവളത്തില്‍ കനത്ത സുരക്ഷ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. തീവ്രവാദി ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സി.ഐ.എസ്.എഫും സംസ്ഥാന പൊലിസും ചേര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്തിയത്. അധികമായി 100 കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്.
ബോംബ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഈ മാസം 31 വരെ സന്ദര്‍ശകര്‍ക്ക് പാസെടുത്ത് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാനാവില്ല. വിമാനത്താവളത്തില്‍ വരുന്നതും പോകുന്നതുമായ എല്ലാ യാത്രക്കാരെയും ദേഹ പരിശോധന നടത്തും. ഇവര്‍ കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതുമായ എല്ലാ ലഗേജുകളും വിശദമായി പരിശോധന നടത്തും. യാത്ര അയക്കാനും സ്വീകരിക്കാനും വരുന്നവരെയും വിശദമായി പരിശോധിക്കും. വിമാനത്താവളത്തിലെത്തുന്ന വിദേശികളെ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. പല തവണ ഡല്‍ഹിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തിയിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും വിമാനത്താവളത്തിലെത്തി സുരക്ഷ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ സാധ്യത മുന്‍കൂട്ടി കണ്ടുള്ള സുരക്ഷ ഒരുക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."