കൈക്കൂലി: ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
കൊച്ചി: വന്‍കിട കെട്ടിട നിര്‍മാതാക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് കേന്ദ്ര തൊഴില്‍വകുപ്പിനു കീഴിലുള്ള കൊച്ചി ഓഫിസിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ ഉള്‍പ്പെടെ നാലുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അല്ലു കെ പ്രതാപ്, അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ ഡി എസ് ജാദവ്, ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ സി.പി സുനില്‍ കുമാര്‍, കെ.കെ ബില്‍ഡേഴ്‌സ് എച്ച്.ആര്‍ മാനേജര്‍ പി.കെ അനീഷ് എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
സി.ബി.ഐ കൊച്ചി യൂനിറ്റിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഇവരെ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് ഐ.ഐ.എമ്മില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കെ.കെ ബില്‍ഡേഴ്‌സിനോട് ആവശ്യപ്പെട്ട കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ക്കും അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ക്കും 25,000 രൂപ വീതവും ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് 10,000 രൂപയുമാണ് നല്‍കിയത്. പണം എത്തിച്ചു നല്‍കിയ പി.കെ അനീഷിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്ലു കെ പ്രതാപില്‍ നിന്നും അര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറായ അല്ലു കെ പ്രതാപും അസിസ്റ്റന്റ് കമ്മിഷണര്‍ഡി.എസ് ജാദവും അഴിമതി ഇടപാടുകള്‍ക്ക് കരാറുകാരില്‍ നിന്നും നിരന്തരം കൈക്കൂലി വാങ്ങിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട മിനിമം വേതനവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറാണ്.
വ്യവസായ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കേണ്ടതും ഇദ്ദേഹമാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഇരുവരും കുറ്റകരമായ ഗൂഢാലോചന നടത്തിയതായും സി.ബി.ഐ കണ്ടെത്തി. കൈക്കൂലി കേസില്‍ കേന്ദ്ര തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേരളത്തില്‍ പിടിയിലാകുന്നത് ആദ്യമാണ്. രാജ്യത്തെ 20 മേഖലാ ഓഫിസുകളില്‍ ഒന്നാണ് കൊച്ചിയിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."