HOME
DETAILS

നടനവിസ്മയത്തില്‍ അലിഞ്ഞുചേര്‍ന്ന്....

  
backup
January 06 2017 | 03:01 AM

%e0%b4%a8%e0%b4%9f%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

ചേവായൂര്‍, കൊയിലാണ്ടി ഉപജില്ലകള്‍ മുന്നില്‍

കോഴിക്കോട്: തെയ്‌തെയ് തക തെയ്‌തെയ് തോ......... തിത്തൈ തക തെയ് തെയ് തോ............ രണ്ടാം ദിനമായ ഇന്നലെ പ്രധാന വേദിയായ മൈലാഞ്ചിയില്‍ മലയാളി മങ്കമാര്‍ നിറഞ്ഞാടി. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളുടെ തിരുവാതിരയാണ് വേദിയില്‍ അരങ്ങേറിയത്. പ്രധാന വേദികളിലെല്ലാം ഇന്നു നടന വിസ്മയത്തിന്റെ ഭാവ ചെപ്പുകള്‍ വിരിയുകയായിരുന്നു. തിരുവാതിരകളിയും ഭരത നാട്യവും മോണോ ആക്റ്റും ഓട്ടം തുള്ളലുമാണ് ഇന്നലെ നടന്ന പ്രധാന ഇനങ്ങള്‍. സംസ്‌കൃത അറബി സാഹിത്യോത്സവത്തിനും ഇന്നു തുടക്കം കുറിച്ചു. ചേവായൂര്‍ കൊയിലാണ്ടി ഉപജില്ലകളാണ് മുന്നില്‍. തൊട്ടു പിന്നില്‍ ബാലുശ്ശേരിയും കോഴിക്കോട് സിറ്റിയുമാണുള്ളത്.
കലോത്സവത്തിന്റെ ഉദ്്്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയിലെ മികച്ച പി.ടി.എ കമ്മിറ്റികള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ വിതരണം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. എം.എല്‍.എ മാരായ പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍, ആശ ശശാങ്കന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, കോഴിക്കോട് രൂപതാ പ്രതിനിധി റൈറ്റ് റവ. ഡോ തോമസ്് പനക്കല്‍, ജെ.ഡി.ടി പ്രിന്‍സിപ്പല്‍ ഇ അബ്്ദുല്‍ കബീര്‍, പി.ടി.എ പ്രസിഡന്റ് എം മുസ്തഫ, വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് ഫര്‍സാന്‍ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ഡി.ഡി.ഇ ഡോ ഗീരീഷ് ചോലയില്‍ സ്വാഗതവും കണ്‍വീനര്‍ പി. കെ അരവിന്ദന്‍ നന്ദിയും പറഞ്ഞു.

സനന്ത് രാജിന് എതിരാളികളില്ല

കോഴിക്കോട്: തുടര്‍ച്ചയായി അഞ്ച് വര്‍ഷങ്ങളായി ചെണ്ട, തബല, മൃദംഗം മത്സരങ്ങളില്‍ സനന്ത് രാജിന് എതിരാളികളില്ല. ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ട - തായമ്പക മത്സരത്തില്‍ പഞ്ചാരിക്കൂര്‍ കൊട്ടിയാണ് സനന്ത് ഒന്നാമതെത്തിയത്. ഒന്‍പത് , പത്ത് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ചെണ്ട മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
കലാമണ്ഡലം ശിവദാസാണ് ചെണ്ടയിലെ ഗുരു. തബലയില്‍ ഉസ്താദ് ഹാരിസ് ഭായിയും മൃദംഗത്തില്‍ പാറശാല രവിയുമാണ് ഗുരുക്കന്മാര്‍. പഞ്ചവാദ്യം മത്സരത്തിലും സനന്ത് രാജ് തിമില വായിക്കുന്നുണ്ട്. കാഞ്ഞിലശേരി പത്മനാഭന്റെ കീഴിലാണ് സ നന്ത് രാജ് തിമില അഭ്യസിക്കുന്നത്. കൊയിലാണ്ടി പാവുവയലില്‍ റിട്ട. അധ്യാപകന്‍ രാജുവിന്റെയും സുവര്‍ണ ചന്ത്രോത്തിന്റെയും മകനാണ് സനന്ത് രാജ്. സഹോദരന്‍ അനന്ത് രാജും സ്‌കൂള്‍ കലോത്സവത്തിലെ ചെണ്ട മത്സരത്തിലെ വിജയിയായിരുന്നു. ഇരുവരും ചേര്‍ന്ന് ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ തായമ്പക നടത്താറുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിയായ സനന്ത് രാജ് അവസാന കലോത്സവം എല്ലാ തരത്തിലും സുന്ദരമാക്കാനുള്ള ശ്രമത്തിലാണ്.

ഉര്‍ദുവില്‍ കശ്മിരി വിദ്യാര്‍ഥികള്‍

കോഴിക്കോട്: ദേശത്ത് അസമാധാനത്തിന്റെ കാറ്റടിക്കുമ്പോള്‍ ഉര്‍ദു മത്സരയിനങ്ങളില്‍ മികവ് തെളിയിച്ച് കശ്മിര്‍ സ്വദേശികളായ അസ്‌റാറും അഫ്‌സാനും. ഹൈസ്‌കൂള്‍ വിഭാഗം കവിത രചനയിലാണ് അസ്‌റാര്‍ അഹമ്മദ് എന്ന എട്ടാം ക്ലാസുകാരന്‍ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞ വര്‍ഷം യു.പി വിഭാഗം കവിതാ രചനയില്‍ അഫ്‌സാന്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനക്കാരന്‍. സഹപാഠിയായ അഫ്‌സാന്‍ ഹുസൈന്‍ ഷാ ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചനയിലാണ് ഒന്നാം സ്ഥാനം നേടിയത്.
ഇരുവരും മര്‍ക്കസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

പല്ലവി മാറാതെ മോണോആക്ട്

കോഴിക്കോട്: പതിവില്‍ നിന്നും വിപരീതമായി പുതുമകളില്ലാതെ മോണോആക്ട്. പുരാണവും ഇതിഹാസവും പുതിയ കാലത്തോട് ചേര്‍ത്തവതരിപ്പിക്കാന്‍ ശ്രമിച്ചത് വേദിയെ നിരാശപ്പെടുത്തി. രാവിലെ മുതല്‍ പ്രധാന വേദിയില്‍ നിന്നും അകലെയായിട്ടും നിറഞ്ഞ സദസായിരുന്നു സില്‍വര്‍ ഹില്‍സ് ഓഡിറ്റോറിയത്തിലെ വേദി കേദാരത്തിലേത്. എന്നാല്‍ വിഷയ ദാരിദ്രം കൊണ്ട് സദസ് അലോസരം സൃഷ്ടിച്ചു. രമേശ് കാവില്‍ രചന നിര്‍വഹിച്ച് സത്യന്‍ മുദ്ര സംവിധാനം ചെയ്ത അധ്യാപക വിദ്യാര്‍ഥി ബന്ധത്തിന്റെ കഥ അവതരിപ്പിച്ച ദിവാകരന്‍ കൂടത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. കഥകളിയിലും ഓട്ടന്‍തുള്ളലിലും നാടകത്തിലും മികവ് തെളിയിച്ച ദിവാകരന്‍ സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസിലെ പത്താം തരം വിദ്യാര്‍ഥിയാണ്.


ഇന്ന് അണിയറയില്‍ സ്ത്രീകള്‍ മാത്രം

കോഴിക്കോട്: മേളയുടെ മൂന്നാം നാളായ ഇന്ന് എല്ലാ മേളയുടേയും മത്സര നടത്തിപ്പ് സ്ത്രീകളാണ്. ചരിത്രത്തിലാദ്യമായാണ് എല്ലാ വേദികളുടേയും മത്സര നടത്തിപ്പ് വനിതാ അധ്യാപകര്‍ ഏറ്റെടുക്കുന്നത്. സ്‌റ്റേജ് മാനേജര്‍, ഐഡന്റിറ്റി ഫയലിങ് ഓഫിസര്‍, അനൗണ്‍സര്‍ കോഡര്‍, ടൈമര്‍, ലെയ്‌സണ്‍ ഓഫിസര്‍ എന്നി ചുമതലകളെല്ലാം അധ്യാപികരാണ് ഇന്ന് നിര്‍വഹിക്കുക. സ്റ്റേജിലെ എല്ലാ ദൗത്യങ്ങളും ഏറ്റെടുക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്നു തെളിയിക്കാനുള്ള വെല്ലുവിളിയായാണ് വനിതാ അധ്യാപകര്‍ ഇതു ഏറ്റെടുത്തത്.

വട്ടപ്പാട്ടില്‍ ഇത്തവണയും റഹ്മാനിയ തന്നെ

കോഴിക്കോട്: മണിയറയില്‍ ഒരുങ്ങിയെത്തിയ പുതിയാപ്പിളയും നിറഞ്ഞ സദസുമായിരുന്നു വേദി ആറ് ഭൈരവിയില്‍ നിറഞ്ഞാടിയത്. പതിനെട്ട് ടീമുകള്‍ മാറ്റുരച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കളായി. ഹക്കന്നമൈതിരി ചൊക്കന്‍ ഹബീബോരെ ചിക്കപ്പൂ മംഗല്യമായ്......... എന്ന നബി കീര്‍ത്തനം പാടി മാലിക് മെഹറിന്റെ നായകത്വത്തില്‍ അബ്‌സാര്‍, ഇര്‍ഷാദ്, ഗോപിക്, കാഷിക്, ആഷിഖ്, മന്‍സൂര്‍, അര്‍ജുന്‍, ജാസില്‍, ഷാലു ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് താളത്തില്‍ കൊട്ടിയപ്പോള്‍ നിറഞ്ഞ സദസും ഒപ്പം ലയിക്കുകയായിരുന്നു. മാപ്പിള കലയോടുള്ള കോഴിക്കോട്ടുകാരുടെ ഇഷ്ടമായിരുന്നു ഭൈരവിയിലെ നിറഞ്ഞ സദസ് സാക്ഷ്യപ്പെടുത്തിയത്. മുനീര്‍ കുഞ്ഞോയാണ് ടീമിന്റെ പരിശീലകന്‍. കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.


അറബിക് മോണോആക്ട്

കോഴിക്കോട്: അറബിക് മോണോആക്ടില്‍ രാജ്യത്തെ നോട്ട് പ്രതിസന്ധിയെ ഹാസ്യാത്മകമായി അവതരിപ്പിച്ച ഹിബ ഷെറിന്‍ ഒന്നാമതെത്തി. പഴയ അഞ്ഞൂറ് രൂപയുമായി വരി നിന്ന് രണ്ടായിരം രൂപയുമായി മടങ്ങുന്ന സാധാരണക്കാരന്‍ അനുഭവിക്കുന്ന ചില്ലറ ക്ഷാമത്തിന്റെ കഥയാണ് ഹിബ അവതരിപ്പിച്ചത്. കടമേരി എം.യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."