'സ്പര്‍ശ'ത്തിന്റെ കൈത്തണലില്‍ കല്യാണിക്കും കുടുംബത്തിനും വീടായി
തൊട്ടില്‍പ്പാലം: കുണ്ടുതോട് 'സ്പര്‍ശം ചാരിറ്റീസി' ന്റെ കൈത്താങ്ങില്‍ തോട്ടക്കാട് താമസിക്കുന്ന അയ്യാര്‍കൊത്തിയപൊയില്‍ കല്യാണിക്കും കുടുംബത്തിനും വീടായി. രോഗാതുരമായ അവസ്ഥയില്‍ കഴിയുന്ന മകള്‍ നളിനിക്കും ചെറുമകള്‍ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം. നിര്‍ദ്ധന കുടുംബത്തിന്റെ ചോര്‍ന്നൊലിച്ച് പൊട്ടിപ്പൊളിഞ്ഞ വീടിന്റെ അവസ്ഥയറിഞ്ഞെത്തിയ സ്പര്‍ശം ഭാരവാഹികള്‍ കല്യാണിക്കും കുടുംബത്തിനും നല്ലൊരു വീട് നിര്‍മ്മിച്ചു നല്‍കുകയെന്ന സദുദ്യമത്തിന് തുടക്കം കുറിക്കുകയായിരുന്നു. പൊതുജനങ്ങളുടെയും ഉദാരമതികളുടെയും നിര്‍ലോഭമായ സഹകരണം കൂടിയായപ്പോള്‍ മനോഹരമായ ഒരു വീടിനാണ് കൈത്താങ്ങൊരുങ്ങിയത്.
വീടിന്റെ പ്രാരംഭഘട്ടം മുതല്‍ ഭാരവാഹികള്‍ കൈമെയ്മറന്നാണ് വീടിന്റെ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയത്. ആറരലക്ഷം രൂപയാണ് വീടിനായി മുടക്കിയത്.
മലയോരത്തിന്റെ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ ഇ.കെ വിജയന്‍ വീടിന്റെ താക്കോല്‍ കൈമാറി. കാവിവുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് അധ്യക്ഷയായി.
ഫാ.ജോര്‍ജ്ജ് തീണ്ടാപ്പാറ, പിന്നണി ഗായകന്‍ വി.ടി മുരളി, വൈസ് പ്രസിഡന്റ് പി.പി ചന്ദ്രന്‍, നൈസി ജോസ്, സി.ആര്‍ സുരേഷ്, കെ.ടി സുരേഷ്, സൂപ്പി മണക്കര, അഷ്‌റഫ് എം.കെ, സുനില്‍ കായലോട്ടുമ്മല്‍, യു.വി ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."