പ്രവാസി മലയാളിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ അഭിഭാഷകനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
ആലപ്പുഴ: പ്രവാസി മലയാളിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ അഭിഭാഷകനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. മവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെതിരെയാണ് പ്രവാസി മലയാളി വ്യവസായിയായ മാവേലിക്കര കടുവിനാല്‍ മുറിയില്‍ കണ്ണന്‍കോമത്ത് പ്രസന്നന്‍ കോടതിയെ സമീപിക്കുന്നത്. 40 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് പ്രസന്നന്‍ ആവശ്യപ്പെട്ടിട്ടുളളത്.
കേസുമായി ബന്ധപ്പെട്ട മാവേലിക്കര പൊലിസ് ചതി, വഞ്ചന, പണാപഹരണം എന്നീ വകുപ്പുകള്‍ ചുമത്തി അഭിഭാഷകനെതിരെ കേസെടുത്ത് അന്വേഷിച്ചു വരുന്നതായും പ്രസന്നന്‍ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി വിദേശത്ത് ജോലിനോക്കിയിരുന്ന പ്രസന്നന്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന ജോലി ചെയ്തുവരികയാണ്.
സൗദി ആറേബ്യയിലെ റിയാദില്‍ ജോലിചെയ്യുമ്പോള്‍ അവിടെ അയല്‍വാസികളായുണ്ടായിരുന്ന കുണ്ടറ മുറിയില്‍ അറപ്പുരവടക്കേതില്‍ വീട്ടില്‍ അലക്‌സാണ്ടര്‍ ജോര്‍ജും, അയ്യാളുടെ ഭാര്യ ബിന്‍സി അലക്‌സും ബന്ധുവായ തോമസ് കുട്ടിയും ചേര്‍ന്ന് പ്രസന്നനില്‍നിന്നും 36 ലക്ഷം രൂപ വായ്പയായി വാങ്ങിയിരൂന്നു. റിയാദില്‍ ആശുപത്രി സംബന്ധമായ വ്യാപാരം ചെയ്യാനാണെന്ന് അറിയിച്ചാണ് പണം വാങ്ങിയത്. രണ്ടു മാസത്തെ അവധി പറഞ്ഞാണ് പണം കടം വാങ്ങിയത്. പ്രോമീസറി നോട്ടിന്റെയും ചെക്കിന്റെയും അടിസ്ഥാനത്തിലാണ് പണം നല്‍കിയത്. കാലവധി കഴിഞ്ഞിട്ടും പണം തിരികെ തരാന്‍ സുഹൃത്തുക്കള്‍ അമാന്തിച്ചപ്പോള്‍ പ്രസന്നന്‍ കോടതിയില്‍ പോകാന്‍ തീരുമാനിച്ചു. ഇതിനായിട്ടാണ് പ്രസന്നന്‍ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെ സമീപിച്ചത്. പ്രസന്നന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റൂബി രാജ് കക്ഷികള്‍ക്കെതിരെ മാവേലിക്കര കോടതിയില്‍ മൂന്നു കേസുകള്‍ ഫയല്‍ ചെയ്തു.
ഒരു ക്രിമിനല്‍ കേസും, രണ്ട് സിവില്‍ കേസുകളും. ഇതില്‍ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാനാണ് ലക്ഷങ്ങള്‍ ഫീസ് ഇനത്തില്‍ വാങ്ങിയത്. രണ്ട് സിവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2,29,000 രൂപയും മറ്റ് ക്രിമിനല്‍ കേസ് നടത്തിപ്പിനും ഫീസിനത്തിലുമായി ആകെ 3,13,200 രൂപ വാങ്ങിയിരുന്നു. സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ലഭിക്കാനുളള തുകയുടെ നിശ്ചിത തുക കോടതിയില്‍ കെട്ടിവെക്കണമെന്നാണ്. ഇക്കാര്യം അറിയിച്ചാണ് വക്കീല്‍ പ്രസന്നനില്‍നിന്നും പണം തട്ടിയത്. ഇതുപ്രകാരം അന്യായം എഴുതി വായിച്ച് കോടതയില്‍ ഒടുക്കേണ്ട തുകയും രേഖപ്പെടുത്തിയശേഷമാണ് പ്രസന്നനെ കൊണ്ട് അന്യായത്തില്‍ റൂബി രാജ് ഒപ്പ് ഇടുവിച്ചത്.
ഫീസ് അടച്ച് മടങ്ങിയ പ്രസന്നന്റെ കൈയില്‍ അന്യായത്തിന്റെ കോപ്പികള്‍ ഒന്നുംതന്നെ നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ ശരിയായ പരാതി ഏതെന്നും തിരിച്ചറിയാന്‍ പ്രയാസമായി. എന്നാല്‍ കോടതിയില്‍ റൂബിരാജ് ഒറിജിനല്‍ പരാതി മാറ്റി പകരം മറ്റൊരു അന്യായം തയാറാക്കി വ്യാജ ഒപ്പിട്ട് കോടതിയില്‍ ഫയല്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ പോകാതെയും കേസിന് നിശ്ചിത സമയത്ത് ഹാജരാകാതെയും വന്നപ്പോള്‍ കേസുകള്‍ എല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു.
രണ്ടു സിവില്‍ കേസുകള്‍ വാദിക്കാന്‍ വക്കീലില്ലാതെ തളളിപോയി. ഇതറിഞ്ഞെത്തിയ പ്രസന്നന്‍ ക്രിമിനല്‍ കേസ് മറ്റൊരു വക്കീലിനെ ഏര്‍പ്പെടുത്തി സ്റ്റേ വാങ്ങി ഹൈകോടതിയിലേക്ക് മാറ്റി. പിന്നീട് മറ്റൊരു അഭിഭാഷകന്‍ മുഖേന തന്റെ കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് താന്‍ നല്‍കി പണം കോടതിയില്‍ കെട്ടിയിട്ടില്ലെന്ന് മനസിലായത്. കോടയില്‍ വെറും 13000 രൂപ മാത്രമാണ് അടച്ചിട്ടുളളത്. നിശ്ചിത ഫീസ് ഒടുക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് കോടതി കേസ് തളളിയത്. മാത്രമല്ല കോടതിയില്‍ റൂബി രാജ് നല്‍കിയ മൂന്നു കേസുകളും തന്റെ പേരില്‍ വ്യാജമായി തയാറാക്കിയതാണെന്ന് മനസിലായത്. വിവരങ്ങള്‍ അറിഞ്ഞ പ്രസന്നന്‍ റൂബി രാജിനെ ഓഫിസില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഗുമസ്ഥന്‍ ശ്രീകുമാറുമായി ചേര്‍ന്ന് അപമാനിച്ച് വിട്ടെന്ന് പ്രസന്നന്‍ പറഞ്ഞു. പണം നല്‍കിയതായോ കൈപറ്റിയതായോ തനിക്ക് അറിവില്ലെന്നാണ് റൂബി രാജ് പറയുന്നത്. തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രസന്നന്‍ പറയുന്നു. ഇത് റൂബി രാജില്‍ നിന്നും ഈടാക്കാന്‍ താന്‍ നിയമ സഹായം തേടുമെന്നും പ്രസന്നന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."