ദോഹ വിമാനത്താവളത്തില്‍ അത്യന്താധുനിക സുരക്ഷ സംവിധാനം
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സുരക്ഷാ സംവിധാനം സജ്ജീകരിക്കുന്നതിന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പൂര്‍ണമായും മനുഷ്യ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സ്‌കാനിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനാണ് ഹമദ് വിമാനത്താവളത്തില്‍ ഒരുങ്ങുന്നത്.
എച്ച്‌ഐഎയും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റും സഹകരിച്ച് നടപ്പാക്കുന്ന സ്മാര്‍ട്ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമാണ് സ്‌കാനിങ് യന്ത്രം. വിമാനത്തിലേക്ക് പ്രവേശിക്കും മുമ്പുള്ള യാത്രക്കാരുടെ എല്ലാ സുരക്ഷാ പരിശോധനാ നടപടിക്രമങ്ങളും മനുഷ്യ ഇടപെടലില്ലാതെ സാധ്യമാക്കുന്ന ഇലക്ട്രോണിക് സംവിധാനമാണിത്. സ്‌കാനിങ് യന്ത്രത്തിലൂടെ കടന്നു പോകുന്ന യാത്രക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലഗേജ് തൂക്കലും രജിസ്റ്റര്‍ ചെയ്യലും നടത്തിയ ശേഷം ബോര്‍ഡിങ് പാസ് എടുത്ത് ഇഗേറ്റ് വഴി വിമാനത്തിലേക്ക് കയറുന്ന രീതിയിലാണ് സംവിധാനം.
സ്‌കാനിങ് യന്ത്രവും എയര്‍പോര്‍ട്ടിന്റെ എക്‌സിറ്റിലും എന്‍ട്രിയിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയും ഡിപാര്‍ട്ട്‌മെന്റിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. നിയമവിരുദ്ധമായ എന്തെങ്കിലും സാധനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപെടുന്നതിന് കൂടുതല്‍ മൊബൈല്‍ പട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തും. യാത്രക്കാരുടെയും വ്യോമയാന സംവിധാനത്തിന്റെയും സുരക്ഷ മെച്ചപ്പെടുത്തുന്നതോടൊപ്പം യാത്ര എളുപ്പമാക്കുകയും കൂടിയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈസ അറാര്‍ അല്‍റുമൈഹി അല്‍ശുര്‍ത മആക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സുരക്ഷ വര്‍ധിപ്പിക്കാനും ക്യൂവിന്റെ നീളം കുറച്ച് യാത്രക്കാരുടെ വരവും പോക്കും എളുപ്പമാക്കാനും നിരവധി പുതിയ യന്ത്രങ്ങള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനിങ് പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നതിന് യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങള്‍ വയ്ക്കുന്ന ബോക്‌സ് സ്വയം മുന്നോട്ടു നീങ്ങുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപായകരമായ വസ്തുക്കളും ആയുധങ്ങളും കൃത്യമായി കണ്ടെത്തുന്നതിനുള്ള ഹൈടെക് യന്ത്രങ്ങളും വിമാനത്താവളത്തില്‍ സജ്ജീകരിച്ചു വരുന്നതായി ഡിപാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി യൂനിറ്റ് വിഭാഗം മേധാവി മേജര്‍ അലി ഹമദ് അല്‍ഹജ്്‌സാബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."