വിദ്യാലയങ്ങള്‍ മികച്ചതാക്കാന്‍ ആര്.എം.എസ്.എയുടെ പരിശീലനം
കല്‍പ്പറ്റ: പൊതുവിദ്യാലയങ്ങളുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി വിദ്യാലയ മികവ് ആര്‍ജിക്കുന്നതിന് ആര്.എം.എസ്.എയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ക്കും സീനിയര്‍ അസിസ്റ്റന്റുമാര്‍ക്കും ഏകദിന പരിശീലനം നല്കി. വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് ആന്റ് ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരണം, പ്രവര്‍ത്തനം, വിഭവസമാഹരണം, പ്രശ്നനിര്‍ധാരണം തുടങ്ങിയവയില്‍ ആര്.എം.എസ്.എ പദ്ധതികളുടെ സ്കൂള്‍തല നിര്‍വഹണം തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ ഗവ.സ്കൂളുകളിലും എസ്.എം.ഡി.സി രൂപീകരിച്ച് ഭൗതികസാഹചര്യം, അക്കാദമികം, കലാകായികം, പെണ്‍കുട്ടികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍, ഗുണമേന്മയുള്ള ഭക്ഷണം, കൗമാരക്കാര്‍ക്കുള്ള വിവിധ മേഖലകളിലെ കൗണ്‍സിലിംഗ്, വിവരസാങ്കേതികതയുടെ ഉപയോഗം, വിദ്യാലയവും സമൂഹവുമായുള്ള ബന്ധം, മഴവെള്ളസംഭരണം, കൊഴിഞ്ഞുപോക്ക് തടയല്‍, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങിയവയില്‍ അടുത്ത അക്കാദമികവര്‍ഷം വിദ്യാലയം പദ്ധതി വികസിപ്പിക്കുന്നതിന് ഉപയുക്തമാവുന്ന പരിശീലനമാണ് ആര്.എം.എസ്.എ നല്‍കിയത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. ആര്.എം.എസ്.എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ പി ശിവപ്രസാദ്, ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.ജെ തോമസ്, പ്രധാനാധ്യാപകന് സുധാകരന് പി.വി, മുനീര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."