പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി: അലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ ഹയര്‍സെക്കന്‍ഡറി ആരംഭിക്കാന്‍ പ്രമേയം
പെരിന്തല്‍മണ്ണ: താലൂക്ക് വികസന സമിതിയില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും പുതിയ കോഴ്‌സുകളും ഉടന്‍ ആരംഭിക്കാന്‍ പ്രമേയം അവതരിപ്പിച്ചു. ഇതിന് കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും അനുവദിച്ച ഫണ്ടുകള്‍ ലാപ്‌സായി പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
മാനത്തുമംഗലം റൗണ്ട് എബൗട്ട് ഭാഗം അടിയന്തിരമായി നന്നാക്കുന്നതിന് പി.ഡബ്ലിയു.ഡി അധികൃതരുടെ യോഗം സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേരാന്‍ സബ് കലക്ടറോട് ആവശ്യപ്പെടുന്നതിന് യോഗത്തില്‍ തീരുമാനമായി. അതതു പഞ്ചായത്തുകളിലെ നിരത്തുകളില്‍ സീബ്രാ വരകള്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രേഖപ്പെടുത്തുവാന്‍ തയാറുളള പഞ്ചായത്തുകള്‍ വിവരം അറിയിക്കാന്‍ സമിതി ആവശ്യപ്പെട്ടു. പി.ഡബ്ലിയു.ഡി നിരത്ത് മഞ്ചേരി ഡിവിഷന്‍ ഓഫിസിലേക്ക് ഇതിന് അനുമതിക്കായി അയക്കേണ്ടതിനാല്‍ എത്രയും വേഗം വിവരം അറിയിക്കാനും തീരുമാനമായി. സ്വകാര്യ ബസുകളില്‍ സ്‌കൂള്‍ കുട്ടികളെ കയറ്റാത്തതും ഇരിക്കാന്‍ അനുവദിക്കാത്തതും സംബന്ധിച്ച് പരാതി സമര്‍പ്പിക്കുന്നതിന് ആര്‍.ടി.ഒ, പൊലിസ് എന്നിവരുടെ നമ്പറുകള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കുവാനും പി.ടി.എകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ബന്ധപ്പെട്ട എ.ഇ.ഒമാരെ ചുമതലപ്പെടുത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സഈദ അധ്യക്ഷയായി. തഹസില്‍ദാര്‍ മെഹറലി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."