ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്: നടപടികള്‍ ഇഴയുന്നു
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം-വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുമ്പോത്തിങ്ങല്‍കടവില്‍ കടലണ്ടിപ്പുഴക്ക് കുറുകെ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഇഴയുന്നു. ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രദേശത്തെ മണ്ണ് പരിശോധന കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍നടപടികളൊന്നും പിന്നീടുണ്ടായിട്ടില്ല.നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് 2011 ഒക്ടോബര്‍ 16ന് അന്നത്തെ എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ നേതൃത്വത്തില്‍ ജലസേചന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുമ്പോത്തിങ്ങല്‍കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിനുള്ള അനുകൂല സാഹചര്യമുണ്ടായത്.
35 കോടി രൂപ ചിലവിട്ടാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. ഇതിനു വേണ്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 15 കോടി രൂപ വകയിരുത്തിയിരുന്നു. കടലില്‍ നിന്നും കടലുണ്ടിപ്പുഴയിലൂടെ കാര്‍ഷികനിലങ്ങളിലേക്കെത്തുന്ന ഉപ്പുവെള്ളം തടയാന്‍ വേണ്ടിയാണ് ബ്രിഡ്ജ് പരിഗണിക്കുന്നത്. വള്ളിക്കുന്ന്,തേഞ്ഞിപ്പലം,മൂന്നിയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാനും റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രയോജനപ്പെടും.
1957ല്‍ നിര്‍മിച്ച മണ്ണട്ടംപാറ അണക്കെട്ട് കാലപ്പഴക്കം കാരണം തകര്‍ച്ചാ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇരുമ്പോത്തിങ്ങല്‍ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഏറെ ഉപകാരപ്പെടും.നിലവില്‍ കടത്തു തോണിയാണ് ഇവിടുത്തെ പുഴയോര നിവാസികള്‍ക്ക് മറുകര പറ്റാനുള്ള ഏക ആശ്രയം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ദിനം പ്രതി ഇതിലൂടെ യാത്ര ചെയ്യുന്നത്.റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ വള്ളിക്കുന്നുകാര്‍ക്ക് തേഞ്ഞിപ്പലത്തേക്കും തിരിച്ചും ഗതാഗതസൗകര്യം എളുപ്പമാകും. നിര്‍ദിഷ്ട ബ്രിഡ്ജ് കാലതാമസം കൂടാതെ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."