ആഭ്യന്തര തീര്‍ഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷന്‍ ജൂലൈ 20 മുതല്‍ ആരംഭിക്കും
മക്ക: ആഭ്യന്തര തീര്‍ഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷന്‍ ശവ്വാല്‍ പകുതിയോടെ (ജൂലൈ 20 മുതല്‍) ആരംഭിക്കമെന്നു ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തില്‍ ഇതിനായി ഇ-പോര്‍ട്ടല്‍ സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചിത ഫീസ് അടച്ചു ഹജ്ജിനു യോഗ്യതയുള്ളവര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി ഒരുക്കിയ ഇ-പോര്‍ട്ടലില്‍ ഹജ്ജ് കമ്പനികളുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഇതില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായവര്‍ക്ക് അനുമതി ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല ശരീഫ് വ്യക്തമാക്കി. ഇത്തവണത്തെ ഹജ്ജിനായി ഹജ്ജ് കമ്പനികള്‍ നിശ്ചയിക്കുന്ന ഫീസ് കുറഞ്ഞത് 3000 റിയാലും കൂടിയത് 11,800 റിയാലുമായിരിക്കും. ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്നവര്‍ http://localhaj.haj.gov.sa എന്ന പോര്‍ട്ടലിലാണ് ബുക്ക് ചെയ്യേണ്ടത്.
വിവിധ പാക്കേജുകളായ സാധാരണ, കുറഞ്ഞത്, മുയസ്സുര്‍ എന്നിവയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ അവരുടെ സ്ഥലവും പാക്കേജും തെരഞ്ഞെടുത്താല്‍ ഹാജിമാരുടെ അംഗസംഖ്യയടക്കം വിശദവിവരങ്ങള്‍ ചോദിക്കപ്പെടും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെ ഹജ്ജ് കമ്പനികള്‍, ക്യാംമ്പ് കാറ്റഗറി, ജംറകളിലേക്കുള്ള ദൂരം, വാഹന സംവിധാനം, ഭക്ഷണ താമസ സൗകര്യം എന്നിവ വിശദമായി അറിയാന്‍ സാധിക്കും. എല്ലാത്തിനും ശേഷം പിന്നീട് ബുക്ക് ചെയ്യുന്ന അവസരത്തില്‍ രാജ്യത്തെ താമസരേഖയുടെ വിശദവിവരങ്ങള്‍ നല്‍കണം.
ഹജ്ജിനു യോഗ്യരായവര്‍ക്ക് പിന്നീട് ഹജ്ജ്-ഉംറ മന്ത്രാലയ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനായി ഒരു മൊബൈല്‍ സന്ദേശം ലഭിക്കും. പണമടച്ചു പൂര്‍ത്തീകരിച്ചാല്‍ ഹജ്ജ് കമ്പനിയുടെ വിവരങ്ങളും ബന്ധപ്പെടുന്നതിനുള്ള മൊബൈല്‍ നമ്പറുമടക്കം വിശദ വിവരങ്ങള്‍ മൊബൈല്‍ സന്ദേശമായി ലഭിക്കും. ഇങ്ങനെ ലഭിക്കുന്നവര്‍ ആവശ്യമായ രേഖകളടക്കം കമ്പനികളെ സമീപിക്കണം. നേരത്തെ ഹജ്ജ് ചെയ്തു അഞ്ചു വര്‍ഷം കഴിഞ്ഞവര്‍ക്ക് ഹജ്ജിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."