പൊതുവിദ്യാഭ്യാസ സംരക്ഷണം: 27ന് മനുഷ്യവലയം
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി 27ന് നടക്കുന്ന മനുഷ്യവലയം പരിപാടിയില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി വന്‍ വിജയമാക്കണമെന്ന് മന്ത്രി സി രവീന്ദ്രനനാഥ് അഭ്യര്‍ഥിച്ചു.
രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പൂര്‍വ അധ്യാപകര്‍, സമൂഹത്തിലെ പ്രമുഖര്‍ തുടങ്ങിയവരെ പരിപാടിയില്‍ അണിനിരത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുമായി കലക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
27ലെ മനുഷ്യവലയത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കും. രാവിലെ 10ന് ഓരോ വിദ്യാലയത്തിന് ചുറ്റുമായാണ് മനുഷ്യവലയം തീര്‍ക്കുക. ക്ലാസുകള്‍ക്ക് മുടക്കമില്ലാതെയാണ് പരിപാടി. പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞയെടുക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ് ജയ, കലക്ടര്‍ മീര്‍ മുഹമ്മദലി, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശന്‍ മഠത്തില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജ് തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."