അത്തോളി പഞ്ചായത്തില്‍ അറുപതേക്കറോളം ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് അനിശ്ചിതത്വത്തില്‍
ബാലുശ്ശേരി: അത്തോളി പഞ്ചായത്തിലെ അടുവാട് പെരളിമല നിവാസികളുടെ അറുപതേക്കറോളം ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് അനിശ്ചിതത്വത്തിലായി. ഇതില്‍ താമസിക്കുന്ന അന്‍പതോളം കുടുംബങ്ങളാണ് നികുതിയടക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത്.
സര്‍വെ പ്രകാരം റി.സര്‍വെ 13ല്‍ മിച്ചഭൂമിയുണ്ടെന്നും അതിനാല്‍ നികുതി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് അത്തോളി വില്ലേജ് ഓഫിസില്‍ നിന്നും ലഭിക്കുന്ന മറുപടി. നിലവില്‍ പെരളിമലയുള്‍പ്പെടുന്ന സ്ഥലത്തെ കൈവശക്കാരുടെ ഭൂമി ആധാരപ്രകാരം 13 ല്‍ ഉള്‍പ്പെട്ടതല്ല. എന്നാല്‍ ഇവ 13 ല്‍ ഉള്‍പ്പെട്ടതാണെന്നാണ് സര്‍വെ രേഖകളില്‍ കാണുന്നത്.
നിരവധി വര്‍ഷങ്ങളായി നികുതിയടക്കുകയും വീട് വച്ച് താമസിക്കുകയും ചെയ്യുന്ന സ്ഥലം അന്യാധീനപ്പെടുമോ എന്ന ആധിയിലാണ് നിവാസികള്‍. റി. സര്‍വെ 13 ല്‍ ഉള്‍പ്പെട്ട മുഴുവന്‍ ഭൂമിയും മിച്ച ഭൂമിയില്‍ ഉള്‍പ്പടുന്നില്ല. ഏതെല്ലാം ഭാഗങ്ങളാണ് മിച്ചഭൂമിയില്‍ ഉള്‍പ്പെട്ടതെന്നറിയാന്‍ മിച്ചഭൂമി സര്‍വെ രേഖകള്‍ പരിശോധിക്കണമെന്നാണ് താലൂക്ക് സര്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മിച്ചഭൂമി സര്‍വെ നടത്തണമെങ്കില്‍ അതിന്റെ സര്‍വെ സ്‌കെച്ച് രേഖകള്‍ കണ്ടെത്തേണ്ടതുണ്ട്. ഈ രേഖകളെപ്പറ്റി വില്ലേജ്, താലൂക്ക് അധികാരികള്‍ക്ക് വ്യക്തതയില്ല. രേഖകള്‍ കണ്ടെത്തി വ്യക്തത വരുത്തുന്നതു വരെ റി.സര്‍വെ 13 ല്‍പ്പെട്ട ഒരു സ്ഥലത്തിന്റേയും നികുതി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് വില്ലേജ് ഉദ്യോഗസ്ഥരുടെ നിലപാട്. ഭൂമി വാങ്ങിക്കുന്ന സമയത്ത് സര്‍വെ രേഖപ്പെടുത്തിയതിലെ അപാകതയാണ് ഇത്തരമൊരു സാഹചര്യത്തിലെത്തിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നികുതിയടക്കാന്‍ തരമില്ലാത്തതിനാല്‍ വിവാഹം, വീടുവെക്കല്‍, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് വായ്പപോലും ലഭിക്കാതെ എല്ലാം മുടങ്ങിയ അവസ്ഥയിലാണ് നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."