ഗതാഗത മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രിസ്ഥാനം ഏറ്റെടുത്ത എ.കെ ശശീന്ദ്രനില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ ഏറ്റവും വലിയ ഇരട്ട ടവറോടുകൂടിയ കെട്ടിടമുണ്ടാക്കി കെ.എസ്.ആര്‍.ടി.സിയുടെ മുഖം മിനുക്കിയെങ്കിലും ഇതിനനുസരിച്ചുള്ള പുരോഗതി കോഴിക്കോട് ഡിപ്പോയില്‍ ഉണ്ടാക്കാനായിട്ടില്ല. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷന് ഈ കെട്ടിടം അധിക ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രി വകുപ്പ് കൈകാര്യം ചെയ്യാന്‍ എത്തുമ്പോള്‍ ജീവനക്കാര്‍ വലിയ പ്രതീക്ഷയിലാണ്. എലത്തൂരിനെ പ്രതിനിധീകരിക്കുന്ന മന്ത്രിയുടെ ശ്രദ്ധ കോഴിക്കോടിന്റെ കാര്യത്തില്‍ ഉണ്ടാകുമെന്നു തന്നെയാണ് ജനങ്ങളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് ബസ് ടെര്‍മിനല്‍ നേരിടുന്ന പ്രതിസന്ധി പോലെയാണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന പാവങ്ങാട് ഡിപ്പോയുടെയും സ്ഥിതി. ബസുകള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാനുള്ള പ്രയാസത്തിന് പുറമെ മഴക്കാലമായാല്‍ ഇവിടം ചെളിക്കുളമാകുകയും ചെയ്യും. ജീവനക്കാര്‍ക്ക് സൗകര്യപൂര്‍വം ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ രൂക്ഷമായ സ്ഥലപരിമിതിയും ഇവിടെയുണ്ട്. പുതിയ ടെര്‍മിനലില്‍ ഓഫിസിനായി സജ്ജീകരിച്ച ഭാഗങ്ങളിലേക്ക് മുഴുവന്‍ പ്രവര്‍ത്തനവും മാറ്റണമെന്ന ആവശ്യവും ജീവനക്കാര്‍ക്കുണ്ട്. ഇതിനുപുറമെ ഇരട്ട ടവറുകളിലായി നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സിലെ മുറികള്‍ വാടകയ്ക്ക് കൊടുത്ത് അധിക വരുമാനമുണ്ടാക്കാന്‍ ലക്ഷ്യം വച്ചിരുന്നെങ്കിലും മുറികള്‍ വാടകയ്ക്ക് പോകാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വാടകക്ക് മുറികള്‍ നല്‍കാനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അറിയുന്നതെങ്കിലും ഇതുസംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നാണ് വിവരം.
ജില്ലയിലെ മറ്റു ഡിപ്പോകളുടെ പ്രശ്‌നങ്ങളും പരിതാപകരമാണ്. വടകരയിലും തിരുവമ്പാടിയിലും പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ് സെന്ററുകള്‍ വലിയ ദുരിതത്തിലാണ്. തിരുവമ്പാടി ഓപറേറ്റിങ് സെന്ററിന്റെ പ്രവര്‍ത്തനം സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്താണ്. മഴക്കാലമായാല്‍ ഇവിടെ ചെളിക്കുളമായി മാറുകയാണ്. ഇവിടെ നിന്ന് തെക്കന്‍ ജില്ലകളിലേക്ക് പ്രത്യേകിച്ചും കോട്ടയം, ഇടുക്കി ജില്ലകളിലേക്കുള്ള സര്‍വിസുകള്‍ കുടിയേറ്റ മേഖലയായ തിരുവമ്പാടിക്കും സമീപത്തെ പ്രദേശങ്ങള്‍ക്കും ഏറെ സഹായകരമാണ്. എന്നാല്‍ പലപ്പോഴും ഈ സര്‍വിസുകള്‍ സുതാര്യമായി നടത്താന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ജനതാദള്‍ (എസ് ) നേതാവ് സി.കെ നാണു ഗതാഗത വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് വടകരയില്‍ ഓപറേറ്റിങ് സെന്റര്‍ തുടങ്ങിയത്. വടകരയില്‍ ഓപറേറ്റിങ് സെന്റര്‍ മാത്രമായ പ്രവര്‍ത്തിക്കുന്നതു കാരണം പല സര്‍വിസുകളും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
പി.ആര്‍ കുറുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് തൊട്ടില്‍പ്പാലം സബ്ഡിപ്പോ തുടങ്ങിയത്. സര്‍വിസുകള്‍ക്കനുസരിച്ച് വലിയ വികസനം നടത്തേണ്ട ഡിപ്പോയാണ് തൊട്ടില്‍പ്പാലത്തേത്. തൊട്ടില്‍പ്പാലം സബ് ഡിപ്പോയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ചെയിന്‍ സര്‍വിസുകള്‍ വേണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.
താമരശ്ശേരി ഡിപ്പോ നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ ഡിപ്പോക്ക് ബാലാരിഷ്ടത മാറിയിട്ടില്ല. കെ.എസ്.ആര്‍.ടി.സി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി കെ.യു.ആര്‍.ടി.സിക്ക് കീഴില്‍ ജന്റം അടക്കം നിരവധി പുതിയ ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് സര്‍വിസുകളെ സാരമായി ബാധിക്കുന്നുണ്ട്. സ്‌കാനിയ സര്‍വിസുകള്‍ക്കായി സുപ്പര്‍ ഫാസ്റ്റ് ബസുകളുടെ റൂട്ടുകള്‍ റദ്ദാക്കിയ നടപടി വലിയ പ്രതിസന്ധിക്കാണ് ഇടയാക്കിയത്. ഇത്തരത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്ത് കോര്‍പറേഷന് ശ്രദ്ധേയമായ നേട്ടം ഉണ്ടാക്കാന്‍ പുതിയ മന്ത്രിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടെ നാട്ടുകാരും കോര്‍പറേഷന്‍ ജീവനക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."