കഴക്കൂട്ടം-അടൂര്‍ മാതൃകാ സുരക്ഷാ റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
പോത്തന്‍കോട്: എം.സി റോഡില്‍ കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ നടപ്പിലാക്കുന്ന മാതൃകാ സുരക്ഷാ റോഡ് പദ്ധതിയുടെ (സേഫ് കോറിഡോര്‍ ഡെമോണ്‍സ്‌ട്രേഷന്‍ പ്രൊജക്ട്) നിര്‍മാണോദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.
വനം വന്യജീവി മന്ത്രി കെ. രാജു, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, എം.പിമാരായ ഡോ. ശശി തരൂര്‍, ഡോ. എ.സമ്പത്ത്, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍എമാരായ അഡ്വ. ഡി.കെ. മുരളി, അഡ്വ. ബി. സത്യന്‍, മുല്ലക്കര രത്‌നാകരന്‍, അഡ്വ. പി. ആയിഷാപോറ്റി, കെ.വി. ഗണേഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, മറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കേരളാ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമായ കെ.എസ്.ടി.പി, ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം. 2403 കോടി രൂപ ചിലവഴിച്ച് എട്ടു റോഡുകളുടെ പുനരുദ്ധാരണവും നവീകരണവുമാണ് ലക്ഷ്യമിടുന്നത്.
ഇതില്‍ ഉള്‍പ്പെട്ട പ്രധാന പദ്ധതിയാണ് കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുളള 78.65 കി.മീ ദൈര്‍ഘ്യമുളള മാതൃകാ സുരക്ഷാ റോഡ്. 146 കോടി രൂപയാണ് അടങ്കല്‍ തുക. പൂര്‍ത്തീകരണ കാലാവധി 16 മാസം.അന്തര്‍ദേശിയ നിലവാരത്തിലായിരിക്കും നിര്‍മാണ പ്രവര്‍ത്തനം. നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും കരാര്‍ ഏറ്റെടുത്ത കമ്പനി ആരു വര്‍ഷത്തേക്ക് റോഡ് പരിപാലനവും നടത്തണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന റോഡില്‍ ഓരോ ജില്ലയിലും ഒരു കി.മീ വീതം പുതിയ സാങ്കേതികവിദ്യയായ പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചായിരിക്കും നിര്‍മാണ പ്രവര്‍ത്തനം.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ റോഡിലെ
അപകട നിരക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."