സംഘ്പരിവാറിന്റേതല്ല സ്വാമി വിവേകാനന്ദന്‍
ഭാരതം ലോകത്തിനു സമ്മാനിച്ച ഋഷിവര്യന്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ഇന്നലെ ആചരിച്ചു. ജാതി,മത,ദേശചിന്തകള്‍ക്കപ്പുറത്തൊരു ലോകം പടുത്തുയര്‍ത്താന്‍ ആഹ്വാനംചെയ്ത സ്വാമിയെയും സ്വാമിജിയുടെ ദര്‍ശനങ്ങളെയും കാവിവല്‍ക്കരിക്കാനുള്ള സംഘടിതശ്രമങ്ങള്‍ നടക്കുന്ന കാലമാണെന്നതിനാല്‍ വിവേകാനന്ദന്റെ യാഥാര്‍ഥ്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
വിശ്വസാഹോദര്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു സ്വാമി വിവേകാനന്ദന്‍. യഥാര്‍ഥ മനുഷ്യനെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന മതവും സിദ്ധാന്തവും സമ്പൂര്‍ണവിദ്യാഭ്യാസവുമാണു വേണ്ടതെന്നാണു സ്വാമി വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ചത്. മതത്തെ രാഷ്ട്രീയലാഭത്തിനായി ആയുധമാക്കുകയും ഭിന്നാഭിപ്രായം പറയുന്നവരെ മാനസികമായും ശാരീരികമായും അപായപ്പെടുത്തുകയും വിദ്യാഭ്യാസത്തെയും ചരിത്രത്തെയും വളച്ചൊടിക്കുകയും ചെയ്യാന്‍ ശ്രമിക്കുകയാണ് വിവേകാനന്ദന്‍ തങ്ങളുടേതാണെന്നു വാദിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍.
മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിച്ചു ദരിദ്രരും നിരാലംബരുമായ ജനങ്ങള്‍ക്കു സേവനംചെയ്യാനാണു സമൂഹത്തോടു സ്വാമിജി ആവശ്യപ്പെട്ടത്. പ്രവൃത്തിയാണ് ഈശ്വരനെന്നും ജീവിതം സല്‍ക്കര്‍മങ്ങള്‍ക്കായി ഉള്ളതാവണമെന്നും അതാണ് യഥാര്‍ഥ ആത്മീയതയെന്നുമാണു വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടത്. സാഹോദര്യത്തിന്റെ ചിഹ്നമായ കാവിവസ്ത്രം മതത്തിന്റെ അടയാളമായി അവകാശപ്പെടുന്നതു ശരിയല്ല.
അവനവനില്‍ വിശ്വസിക്കാത്തവര്‍ക്ക് ഉയര്‍ച്ചയുണ്ടാവില്ലെന്നും സ്വന്തം കഴിവില്‍ വിശ്വാസമുള്ളവര്‍ക്കേ ജീവിതവിജയം കൈവരിക്കാനാകൂ എന്ന് അദ്ദേഹം യുവാക്കളെ ഓര്‍മപ്പെടുത്തി. ഇന്നത്തെ പുതുതലമുറ നിസാരകാര്യങ്ങള്‍ക്കുപേലും മാനസികസംഘര്‍ഷത്തിന് അടിപ്പെടുകയും അതു പിന്നീട് ആത്മഹത്യയിലേക്കുവരെ എത്തുകയും ചെയ്യുന്നുണ്ട്. പ്രതിസന്ധികളെ തരണംചെയ്തു മുന്നേറാനുള്ള ആത്മബലം വിവേകാനന്ദ ദര്‍ശനങ്ങളിലുണ്ട്.
ആദര്‍ശശാലികളായ വ്യക്തികളെ പരിഹസിക്കുകയും അവരുടെ ചെറിയതെറ്റുകളെപോലും പര്‍വതീകരിക്കുകയും ചെയ്യുന്ന നവസമൂഹമാധ്യമ കാലഘട്ടത്തില്‍ ആദര്‍ശശാലി ആയിരം തെറ്റുചെയ്യുന്നുവെങ്കില്‍ ആദര്‍ശശൂന്യന്‍ അമ്പതിനായിരം തെറ്റ് തീര്‍ച്ചയായും ചെയ്യുമെന്നും അതിനാല്‍ എന്തെങ്കിലും ഒരാദര്‍ശം ഉണ്ടായിരിക്കുന്നതാണു നല്ലതെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ക്കു കാലികപ്രസക്തിയുണ്ട്.
സ്വാമി വിവേകാനന്ദനെ ലോകം അറിയുന്നത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിലൂടെയാണ്. ലോകമതസമ്മേളനത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സദസിനെ എന്റെ സഹോദരീസഹോദരന്മാരെ എന്ന് അദ്ദേഹം അഭിസംബോധന ചെയ്തപ്പോള്‍ അതിലൂടെ ലോകം തിരിച്ചറിഞ്ഞത് ഏവരെയും ഉള്‍ക്കൊള്ളുന്ന മഹത്തായ ഭാരതസംസ്‌കാരത്തെയാണ്.
ഭാരതത്തിലെ മഹത്തായ ആ സംസ്‌കാരത്തിന്റെ ഇന്നത്തെ മുഖം വിഭിന്നമായി ചിന്തിക്കുന്ന, വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്ന, ജനതയെ ഉള്‍ക്കൊള്ളുന്ന സമഭാവനയുടേതല്ല. സ്വതന്ത്ര അഭിപ്രായപ്രകടനം നടത്തുന്നവര്‍ രാജ്യം വിട്ടുപോകണമെന്നും അത്തരക്കാരുടെ പുസ്തകങ്ങളും മറ്റും നിരോധിക്കണമെന്നുമുള്ള മുറവിളികളുയരുകയാണ്. ബഹുസ്വരതയെ സംരക്ഷിക്കേണ്ട ഭരണകൂടംതന്നെ പെരുമാള്‍ മുരുകനും എം.ടിക്കും ഷാരൂഖ് ഖാനും ആമിര്‍ഖാനും ഉള്‍പ്പെടെയുള്ളവരെ പരിഹാസത്തിന്റെ കുറുവടിയാല്‍ ആക്രമിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ പരിഹസിക്കപ്പെടുന്നതു സ്വാമി വിവേകാനന്ദന്‍ മഹത്വവല്‍കരിച്ച സംസ്‌കാരമാണ്.
തപോല്‍ക്കറെയും കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയുംപോലെ വിഖ്യാതരും അല്ലാത്തവരുമായ അനേകരുടെ രക്തംകൊണ്ട് സംഘ്പരിവാര്‍ കളങ്കപ്പെടുത്തിയതു വിവേകാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച ഉന്നതമൂല്യങ്ങളാണ്. അധികാരം നിലനിര്‍ത്താനുള്ള എളുപ്പവഴി വരുംതലമുറയെ സ്വാധീനിക്കുകയെന്നതാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ 'ഈ ജീവിതം എത്രത്തോളം ഉണ്ടെന്നറിയില്ല. നിങ്ങള്‍ ഇങ്ങോട്ടു വന്ന സ്ഥിതിക്ക് ഒരടയാളം ബാക്കിയിട്ട് പോകൂ അല്ലെങ്കില്‍ നിങ്ങളും കല്ലും മരങ്ങളും തമ്മിലെന്തു വ്യത്യാസം. സങ്കുചിതചിന്തകള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ കൈയൊപ്പുചാര്‍ത്തി നമുക്കു ജീവിച്ചു മരിക്കാം'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."