ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു
കാക്കനാട് :പൂനെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ അത്ലറ്റിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം തേടി കായികാധ്യാപകനും നാല് വിദ്യാര്‍ഥിനികളും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
പരാതി പരിഗണിച്ച കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.മോഹന്‍ദാസ്, സംസ്ഥാനതലത്തില്‍ ജനുവരി 18നകം സെലക്ഷന് നടത്തി കേരള ടീമിനെ അയക്കാന്‍ ഉത്തരവിട്ടു. 22ന് പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട അടിയന്തര സാഹചര്യം കൂടി പരിഗണിച്ചാണ് കമ്മിഷന് ഉടന്‍ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറോടും സ്പോര്‍ട്സ് ഡയറക്ടറോടും ആവശ്യപ്പെട്ടത്.
എന്നാല്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന് സിറ്റിങില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരായില്ല. ദേശീയ സ്കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് വര്‍ഷം മുമ്പ് പവര്‍ലിഫ്റ്റിങ് ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും സംസ്ഥാനത്ത് ഇതുവരെ ഉള്‍പ്പെടുത്താതിരുന്നതാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടാന്‍ ഇടയാക്കിയത്.
മുഹമ്മയിലെ ആര്യങ്കര ഭഗവതി വിലാസം ഹയര്‍ സെക്കന്‍ഡറി (എ.ബി.വി.എച്ച്. എസ്.എസ്)യിലെ കായികാധ്യാപകനും നാല് വിദ്യാര്‍ഥിനികളുമാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."