അന്തര്‍ജില്ലാ മോഷണസംഘത്തിലെ മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട്: നിരവധികേസുകളിലെ പ്രതികളായ മൂന്നംഗസംഘം കവര്‍ച്ച ആസൂത്രണത്തിനിടെ പൊലിസ് പിടിയില്‍. ചക്കുംകടവ് കറുപ്പന്‍ വീട്ടില്‍ അബ്ദുറഹിമാന്‍ (48), പെരുവയല്‍ പള്ളിത്താഴം കറുത്തേടത്ത് അബ്ദുല്‍കരീം (47), കൂരാച്ചുണ്ട് പാറയില്‍ വീട്ടില്‍ മുത്തു എന്ന മുസ്തഫ (34) എന്നിവരെയാണ് നടക്കാവ് സി.ഐ. ടി.കെ. അഷ്‌റഫും ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാനും സിറ്റിക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
പകല്‍സമയം ബൈക്കില്‍കറങ്ങി പൂട്ടിയിട്ട വീടുകള്‍ കണ്ടുവച്ച് രാത്രിയില്‍ മോഷണം നടത്തിയ സംഘമാണ് അറസ്റ്റിലായത്.
ജില്ലക്ക് അകത്തും പുറത്തുമായി നിരവധി വീടുകളും കടകളും പെട്രോള്‍ പമ്പുകളും കുത്തി തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. ആയുധങ്ങളുമായി കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവര്‍ പൊലിസ് വലയിലായത്.
മുന്‍പ് കളവ് കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇവര്‍ ഒന്നിച്ച് പുതിയ കളവ് നടത്തുകയായിരുന്നു. അബ്ദുറഹിമാന് കോഴിക്കോട് ടൗണ്‍, ഫറോക്ക്, പന്നിയങ്കര, പാലക്കാട് ടൗണ്‍, മലമ്പുഴ, കൊളത്തൂര്‍ സ്‌റ്റേഷനുകളില്‍ കേസുണ്ട്.
അബ്ദുല്‍കരീമിന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അമ്പല മോഷണ കേസും വീട് കവര്‍ച്ച നടത്തിയ കേസും നിലവിലുണ്ട്. മുസ്തഫക്ക് കോഴിക്കോട് റെയില്‍വേ പൊലിസ് സ്‌റ്റേഷനിലും തലശേരി, പേരാമ്പ്ര, കുറ്റ്യാടി സ്‌റ്റേഷനുകളിലും മോഷണ കേസുണ്ട്. പടനിലം മാലക്കോത്ത് മുഹമ്മദ് അന്‍സാറിന്റെ വീടിന്റെ വാതില്‍ പൊളിച്ച് സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും കവര്‍ന്നത് ഈ സംഘമാണ്.
കൂടാതെ, പതിമംഗലം എടുപ്പത്തില്‍ ഫൈസലിന്റെ വീട്ടില്‍ നിന്നും റിയാല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിദേശ തുണിത്തരങ്ങള്‍, ബാലുശേരി മാധവത്തില്‍ അജിത്കുമാറിന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പ്, ടാബ് എന്നിവ ചേവായൂര്‍ അരീക്കോട്ട് മീത്തല്‍ രാജന്റെ വീട്, പൊറ്റമ്മല്‍ അല്‍സഹറ വീട്, കൊടുവള്ളി തച്ചിലേടത്ത് റഷീദിന്റെ വീട് എന്നിവിടങ്ങളിലും മോഷണം നടത്തതിയതായി പ്രതികള്‍ പൊലിസിനോട് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."