നോട്ട് പിന്‍വലിച്ചാല്‍ ലോകനേതാവാകില്ല: എം. മുകുന്ദന്
കോഴിക്കോട്: ഒരു രാജ്യത്തെ നോട്ടുകള്‍ പിന്‍വലിച്ചാല്‍ ലോകനേതാവാകില്ലെന്നും കോടിക്കണക്കായ ജനങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, ചികിത്സാസൗകര്യവുമില്ലാത്ത രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പ്രസക്തിയില്ലെന്നും സാഹിത്യകാരന് എം. മുകുന്ദന്. കോഴിക്കോട് കെ.പി കേശവമേനോന് ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരിക പ്രതിരോധത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെല്ലായിടത്തും സഹിത്യകാരന്മാര്‍ വേട്ടയാടപ്പെടുകയാണ്. ഇതിനെതിരേ ചെറുത്തുനില്‍പ്പുകള്‍ ആവശ്യമാണ്. കല്‍ബുര്‍ഗിയും പന്‍സാരെയും കൊലചെയ്യപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നത് കേരളത്തില്‍നിന്നാണ്. തീവ്രവലതുപക്ഷ രാഷ്ട്രീയം ലോകത്താകമാനം വളര്‍ന്നുവരുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. എം.ടിയോട് രാജ്യം വിട്ടുപോകാന്‍ പറയാത്തത് ഭാഗ്യമാണെന്നും മുകുന്ദന് പറഞ്ഞു.
മതേതരത്വവും സഹിഷ്ണുതയും നിലനില്‍ക്കുന്ന പ്രബുദ്ധമായ നാടാണ് കേരളം. നാവുകൊണ്ടു പ്രതികരിച്ചാല്‍ വെട്ടുമായിരിക്കാം. എന്നാല്‍ പ്രതികരിക്കാന്‍ രണ്ടുകൈകള്‍ കൂടി ബാക്കിയുണ്ട്. മനുഷ്യന്റെ സ്വപ്നങ്ങളെ ആവിഷ്കരിക്കുന്നത് എക്കാലത്തും സാഹിത്യകാരന്മാരാണ്. വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇന്ധിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും പ്രതികരിച്ചിട്ടുണ്ട്. അന്നൊന്നും ഒരുപാര്ട്ടിക്കാരും ആരോടും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല.
എം.ടിയുടെ ശബ്ദം നിലച്ചാല്‍ എല്ലാവരും നാവില്ലാത്തവരായി മാറുമെന്നും മുകുന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."