പൊലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്ക് സാധ്യത: ശ്രീലേഖയെ മാറ്റും; യാസീന്‍ ഇന്റലിജന്‍സ് മേധാവി ആയേക്കും
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്കൊരുങ്ങി സര്‍ക്കാര്‍. എ.ഡി.ജി.പി ആര്‍.ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തുനിന്ന് നീക്കുമെന്നാണ് സൂചന. തീരസംരക്ഷണ ചുമതലയുള്ള ഡി.ജി.പി മുഹമ്മദ് യാസീനായിരിക്കും പകരം ചുമതല. വ്യവസായവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ ബന്ധുനിയമന വിവാദത്തില്‍ പ്രതിയാക്കിയതിനെ തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന വവിരം മുഖ്യമന്ത്രിയില്‍ നിന്ന് മറച്ചുവച്ചതാണ് ശ്രീലേഖയ്ക്ക് വിനയായതെന്നാണ് അറിയുന്നത്. കൂടാതെ വിജിലന്‍സ് കോടതിയില്‍ ശ്രീലേഖക്കെതിരേ അഴിമതി കേസും നിലനില്‍ക്കുന്നുണ്ട്.
ഫയല്‍ ഇന്നലെ മുഖ്യമന്ത്രിക്ക് അടുത്തെത്തി. ഇന്ന് ഉത്തരവിറങ്ങിയേക്കും. ഉത്തര മേഖലാ എ.ഡി.ജി.പി കെ.സുദേഷ് കുമാറിനെ സായുധ പൊലിസ് ബറ്റാലിയന്റെ എ.ഡി.ജി.പി ആക്കുമെന്നും അറിയുന്നു. കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫിസറായ എ.ഡി.ജി.പി പദ്മകുമാറിനെ തൃശൂരിലെ കേരളാ പൊലിസ് അക്കാദമി ഡയറക്ടറോ തീരസുരക്ഷാ ചുമതലയിലുള്ള എ.ഡി.ജി.പിയോ ആക്കും. ക്രൈംബ്രാഞ്ചിന് പുതിയ മേധാവി വന്നേക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന എസ്.അനന്തകൃഷ്ണന്‍ ട്രാന്‍സ് പോര്‍ട്ട് കമ്മിഷണറായി പോയതിനു ശേഷം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എ.ഡി.ജി.പി ആയ രാജേഷ് ദിവാനാണ് നിലവില്‍ ക്രൈംബ്രാഞ്ചിന്റെ അധികച്ചുമതല വഹിക്കുന്നത്.
ടോമിന്‍ ജെ.തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിക്കുമെന്നും സൂചനയുണ്ട്. ജന്മദിനത്തിന് കേക്ക് മുറിച്ച വിവാദത്തെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് തെറിച്ച തച്ചങ്കരി ഇപ്പോള്‍ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി എം.ഡിയാണ്. എ.ഡി.ജി.പി തലം കൂടാതെ ഐ.ജി തലത്തിലും അഴിച്ചുപണി നടത്തും.സംസ്ഥാനത്ത് ഡെപ്യൂട്ടേഷനിലുള്ള ഐ.ജിമാരെ തിരികെ സേനയില്‍ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."