അല്ല സാറേ, പുതിയ ബസ് സര്‍വീസ് എന്നു തുടങ്ങും?
കോട്ടയം: ചേര്‍ത്തലക്കാര്‍ക്ക് ഇപ്പോള്‍ അറിയേണ്ടത് ഒരേയൊരു കാര്യമാണ്. പുതിയ കെ.എസ് ആര്‍.ടി.സി സര്‍വീസ് എന്ന് തുടങ്ങും? ചേര്‍ത്തല- കോട്ടയം റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നുംതന്നെ തുടങ്ങിയിട്ടില്ല.
ഇതി സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. നിരവധിപ്പേരാണ് ചേര്‍ത്തലയില്‍ നിന്നും ദിവസവും നഗരിയില്‍ എത്തുന്നത് .
കലക്ടറേറ്റിലേക്കും കോട്ടയം മെഡിക്കല്‍ കോളജിലേക്കും ഈ പ്രദേശത്തു നിന്നും ദിനംപ്രതി നിരവധിയാളുകള്‍ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് ബസ് സര്‍വീസില്ലെന്നതാണ് വസ്തുത. ഇക്കാരണത്താല്‍ തന്നെ യാത്രാദുരിതത്തിലാണ് പ്രദേശവാസികള്‍. കെ.എസ്.ആര്‍.ടി.സിക്കു പുറമേ നിരവധി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുണ്ടെങ്കിലും യാത്രാത്തിരക്ക് വളരെ കൂടുതലാണ്.
നിലവില്‍ ആറ് ബസുകള്‍ കോട്ടയം ബ്യൂറോയില്‍ നിന്ന് ചേര്‍ത്തലയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഏത് സമയവും തിരക്കുള്ള റൂട്ടാണിതെന്ന നിലയില്‍ പുതിയ സര്‍വ്വീസ് ആവശ്യമാണെന്ന് യാത്രക്കാര്‍ പറയുന്നു.
പലപ്പോഴും സ്വകാര്യ ബസുകളെസഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആളെക്കയറ്റാതെ പോവുകയും സ്റ്റോപ്പില്‍ നിറുത്താതിരിക്കുന്നതും പതിവാണെന്നും യാത്രക്കാര്‍ . മികച്ച കലക്ഷന്‍ ലഭിക്കുന്ന റൂട്ടാണിതെന്നിരിക്കെ കോട്ടയം ഡിപ്പോയും ചേര്‍ത്തല ഡിപ്പോയും പുതിയ സര്‍വീസിന് തുടക്കം കുറിക്കാത്തത് സ്വകാര്യ ലോബികളുടെ താത്പര്യപ്രകാരമാണെന്ന സംശയത്തിന് ആക്കം കുട്ടുന്നു.
കലക്ഷന്‍ കുറവാണെന്നും കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്നും പറയുന്ന സാഹചര്യത്തിലാണ് ലാഭകരമായ റൂട്ടില്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അധികൃതര്‍ തയാറാകാത്തത്. ജനപ്രതിനിധികളുടെയും ജില്ലാ കലക്ടറുടെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിച്ചാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം.
കഴിഞ്ഞ രണ്ടു തവണ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗമാണ് കലക്ടറേറ്റ് ജീവനക്കാര്‍ അടക്കമുള്ളവരുടെ യാത്രാദുരിതം കണക്കിലെടുത്ത് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങാന്‍ നിര്‍ദേശിച്ചത്. എം.എല്‍.എമാരായ സുരേഷ് കുറുപ്പ്, ഡോ.എന്‍.ജയരാജ് എന്നിവരാണ് വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് കലക്ടര്‍ കോട്ടയം ഡി.ടി.ഒയോട് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ കോട്ടയത്ത് നിന്ന് സര്‍വീസുണ്ടെന്നും ഇനി ചേര്‍ത്തലയില്‍ നിന്നുമാണ് വേണ്ടതെന്നുമായിരുന്നു ഡി.ടി.ഒയുടെ മറുപടി. തുടര്‍ന്ന് ചേര്‍ത്തല ഡിപ്പോയില്‍ നിന്ന് പുതിയ സര്‍വീസ് തുടങ്ങാനായി ആലപ്പുഴ ഡി.ടി.ഒയ്ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."